പനത്തടി ഭരണസമിതി യോഗത്തില്‍ ബഹളം; യോഗം മാറ്റിവെച്ചു

Posted on: 12 Sep 2015രാജപുരം: പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ബഹളം. യോഗം മാറ്റിവെച്ചു. പനത്തടി പഞ്ചായത്ത് ഭരണസമിതി യോഗമാണ് പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചത്. കഴിഞ്ഞ ദിവസം മന്ത്രി രമേശ് ചെന്നിത്തലയെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഉദ്ഘാടന പരിപാടികള്‍ ഭരണസമിതിയില്‍ ചര്‍ച്ച ചെയ്യാതെ നടത്തിയെന്നാരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
ഭരണകക്ഷിയിലെ അംഗങ്ങളെപ്പോലും അറിയിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പ്രതിപക്ഷാംഗങ്ങള്‍ പറയുന്നു. മന്ത്രിയുടെ പരിപാടി യോഗത്തില്‍ ചര്‍ച്ചചെയ്യാത്തതില്‍ ബി.ജെ.പി. അംഗങ്ങളും പ്രതിഷേധത്തിലാണ്. എന്നാല്‍ പരിപാടി നടക്കുന്ന കുണ്ടുപ്പള്ളിയില്‍ പഞ്ചായത്ത് പ്രസിഡന്റ് സുപ്രിയ അജിത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളെയും പ്രദേശവാസികളെയും പങ്കെടുപ്പിച്ച് സംഘാടക സമിതി രൂപവത്കരിച്ച് മുഴുവന്‍ അംഗങ്ങളെയും വിവരം അറിയിച്ചിരുന്നതായും കൊറത്തിപതി റാണിപുരം റോഡിന്റെയും പാലത്തിന്റെയും നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനം മന്ത്രിയെ കൊണ്ട് ചെയ്യിക്കാന്‍ മൂന്ന് മാസം മുന്‍പ് തന്നെ തീരുമാനമെടുത്തിരുന്നതായും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. ജെയിംസ് പറഞ്ഞു.
മൂന്ന് പ്രാവശ്യം മാറ്റിവെച്ചതിനുശേഷം 11-ന് നടത്തേണ്ടിയിരുന്ന പരിപാടി മന്ത്രിയുടെ സൗകര്യാര്‍ഥം സപ്തംബര്‍ അഞ്ചിലേക്ക് മാറ്റുകയായിരുന്നു. പ്രതിഷേധപരിപാടിക്ക് എം.സി. മാധവന്‍, ബി. അനില്‍കുമാര്‍, പി.പി. പുഷ്പലത എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Kasargod