ചായ്യോം-കയ്യൂര്‍ റോഡില്‍ കാല്‍നടയാത്രപോലും ദുരിതം

Posted on: 11 Sep 2015ചായ്യോം-അരയാക്കടവ് റോഡിന്റെ ദുരവസ്ഥ


നീലേശ്വരം:
നിത്യവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ചായ്യോം-കയ്യൂര്‍ റോഡില്‍ കാല്‍നടയാത്രപോലും ദുസ്സഹമായി. ചായ്യോത്തുനിന്ന് അരയാക്കടവ് പാലംവരെ റോഡാകെ തകര്‍ന്നുകിടക്കുകയാണ്.
റോഡില്‍മുഴുവന്‍ കരിങ്കല്ലുകള്‍ പാകിയ നിലയിലാണ്. ടാറിങ് നടത്താത്തതിനാല്‍ കരിങ്കല്‍ജില്ലികളിലൂടെ വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്കുമേല്‍ കരിങ്കല്ലുകള്‍ തെറിക്കുന്നതും പതിവാണ്.
റോഡിന്റെ അറ്റകുറ്റപ്പണിക്കായി ഇറക്കിയ കരിങ്കല്‍ജില്ലി റോഡ് കിളച്ച് നിരത്തിയിട്ടുണ്ടെങ്കിലും ടാറിങ് ചെയ്യാത്തതാണ് ചായ്യോംമുതല്‍ ക്ലബ്ബുവരെയുള്ള റോഡിന്റെ പ്രധാന പ്രശ്‌നം. വളവും തിരിവും കുണ്ടും കുഴിയും നിറഞ്ഞ അവശേഷിക്കുന്ന റോഡിന്റെ ഭാഗം യാത്രക്കാരുടെ നടുവൊടിക്കുകയാണ്. ഇറക്കവും കയറ്റവും ധാരാളമുള്ള റോഡിന്റെ വീതികുറവും വാഹനങ്ങളെ ദുരിതത്തിലാക്കുന്നു.
നീലേശ്വരത്തുനിന്ന് അരയാക്കടവ് വഴിയുള്ള കെ.എസ്.ആര്‍.ടി.സി. മലബാര്‍ ഉള്‍പ്പെടെയുള്ള ബസ്സുകള്‍ ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. കിഴക്കന്‍ മലയോരമേഖലയിലുള്ള യാത്രക്കാര്‍ പയ്യന്നൂര്‍ഭാഗത്തേക്ക് ഇപ്പോള്‍ അരയാക്കടവ് വഴിയാണ് സഞ്ചരിക്കുന്നത്. കിലോമീറ്ററുകളോളം അധികദൂരം സഞ്ചരിച്ച് നീലേശ്വരം നഗരം ചുറ്റിയുള്ള ദൂര്‍ഘടയാത്ര ഒഴിവാക്കി എളുപ്പത്തില്‍ ഈ റോഡുവഴി ലക്ഷ്യസ്ഥാനത്തെത്താം. കാര്യങ്കോട്, മയ്യിച്ചയില്‍ ഉണ്ടാകുന്ന അപകടവേളകളിലും ദേശീയപാതയിലെ പള്ളിക്കര റെയില്‍വേ ഗേറ്റ് പണിമുടക്കുമ്പോഴും ദേശീയപാതയിലുണ്ടാകുന്ന ഗതാഗതസ്തംഭനസമയത്തും ചെറുവത്തൂരില്‍നിന്ന് നീലേശ്വരത്തും തിരിച്ചും യാത്രക്കാര്‍ ബദല്‍ മാര്‍ഗമായി ചായ്യോം-അരയാക്കടവ്-കയ്യൂര്‍ റോഡിനെ ആശ്രയിക്കാറുണ്ട്. എന്നാല്‍, പാലംകഴിഞ്ഞുള്ള കയറ്റവും ഇറക്കവും പരിചയസമ്പന്നരായ ഡ്രൈവര്‍ക്കുപോലും പ്രയാസകരമാണ്. റോഡിലെ കുഴിയില്‍ മുഴുവന്‍ വെള്ളം കെട്ടിനില്ക്കുന്നതിനാല്‍ റോഡും കുഴിയും തിരിച്ചറിയാന്‍പോലും കഴിയാത്ത സാഹചര്യമാണുള്ളത്.

More Citizen News - Kasargod