കേന്ദ്രസര്‍വകലാശാല: മാളത്തുംപാറയിലെ സ്ഥലം കൈമാറ്റത്തര്‍ക്കം ഒത്തുതീര്‍ന്നു

Posted on: 11 Sep 2015പെരിയ: കേന്ദ്രസര്‍വകലാശാലയ്ക്ക് ഭൂമി വിട്ടുനല്കുന്നതുസംബന്ധിച്ച് മാളത്തുംപാറയിലെ കുടുംബങ്ങളുമായുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി. വ്യാഴാഴ്ച കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി.ഗോപകുമാറിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരമായത്. ഭൂമി കൈമാറ്റം വൈകുന്നതിനെച്ചൊല്ലി മാളത്തുംപാറ കോളനിയിലെ കുടുംബങ്ങള്‍ അനിശ്ചിതകാല നിരാഹാരസമരം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സമരസമിതിക്കാരെയും ജനപ്രതിനിധികളെയും വിളിച്ചുചേര്‍ത്ത് സര്‍വകലാശാല അധികൃതര്‍ ചര്‍ച്ച നടത്തിയത്.
കേന്ദ്രസര്‍വകലാശാലയ്ക്കായി വീട് ഒഴിയുന്ന 16 കുടുംബങ്ങള്‍ക്കും നേരത്തേ കണ്ടെത്തിയ സ്ഥലത്ത് സി.പി.ഡബ്ല്യു.ഡി.യുടെ പ്ലാന്‍ എസ്റ്റിമേറ്റ് പ്രകാരം നിലവാരമുള്ള വീടുകള്‍ നിര്‍മിച്ചുനല്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ഇവിടെ വൈദ്യുതി, വെള്ളം, റോഡ് സൗകര്യവും ഒരുക്കും. ഭൂമിയിലെ അനുഭവങ്ങള്‍ക്ക് റവന്യൂവകുപ്പ് നിശ്ചയിക്കുന്ന അടിസ്ഥാനത്തില്‍ സര്‍വകലാശാല നഷ്ടപരിഹാരം നല്കുമെന്ന് യോഗത്തില്‍ അറിയിച്ചു. സ്ഥലം കൈമാറ്റത്തിലെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിക്കിട്ടാന്‍ സര്‍ക്കാര്‍ തലത്തില്‍ കൂട്ടായ സമ്മര്‍ദം ചെലുത്തും.
മാളത്തുംപാറയില്‍ വീട് വിട്ടുനല്കുന്ന 16 കുടുംബങ്ങളില്‍ നാലുപേര്‍ക്ക് വായ്പാ സ്ഥാപനങ്ങളില്‍ കടം ഉള്ളതിനാല്‍ ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പ്രയാസമുണ്ടെന്ന് കോളനിപ്രതിനിധികള്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് മുഖാന്തരം ഇതിന് പരിഹാരം കണ്ട് 16 കുടുംബങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നമുറയ്ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
വീട് ഒഴിയുന്നവര്‍ക്ക് ഏജന്‍സികള്‍ മുഖാന്തരം ജോലി നല്കുമെന്ന് അധികൃതര്‍ ഉറപ്പുനല്കി. അടുത്തമാസം മൂന്നുപേര്‍ക്കും മറ്റുള്ളവര്‍ക്ക് ഒഴിവ് വരുന്നമുറയ്ക്കും ജോലി നല്കാനാണ് തീരുമാനം. യോഗത്തില്‍ കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി.ഗോപകുമാര്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍, സ്ഥിരംസമിതി അധ്യക്ഷന്‍ ടി.വി.കരിയന്‍, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ബൈജു, പരീക്ഷാ കണ്‍ട്രോളര്‍ ശശിധരന്‍, കോളനി പ്രതിനിധികളായ കെ.പി.ശേഖരന്‍, സന്ദീപ്, വിജയന്‍ മാളത്തുംപാറ, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളും കൃഷ്ണ കേളോത്ത്, രതീഷ് പൊള്ളക്കട എന്നിവരും പങ്കെടുത്തു.

More Citizen News - Kasargod