അജാനൂര്‍ തുറമുഖം: തുടര്‍പഠനത്തിന് നിര്‍ദേശം

Posted on: 11 Sep 2015കാഞ്ഞങ്ങാട്: നിര്‍ദിഷ്ട അജാനൂര്‍ മത്സ്യബന്ധന തുറമുഖനിര്‍മാണം സംബന്ധിച്ച് 15 ദിവസത്തെ തുടര്‍ സര്‍വേ നടത്താന്‍ നിര്‍ദേശം. കഴിഞ്ഞദിവസം നടന്ന സര്‍വേക്ക് പിന്നാലെയാണ് പുണെ സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍ ഈ നിര്‍ദേശം നല്‍കിയത്.
പ്രദേശത്തെ ഭൂപ്രകൃതിയും പുഴയുടെ സ്വഭാവവും നീരൊഴുക്കും സൂക്ഷ്മമായി നീരിക്ഷിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. കഴിഞ്ഞദിവസം ചിത്താരി അഴിമുഖത്തും പുഴയിലും 25 മണിക്കൂര്‍ പഠനം വിദഗ്ധസംഘത്തിന്റെ മേല്‍നോട്ടത്തില്‍ പൂര്‍ത്തീകരിച്ചിരുന്നു. ഒഴുക്കിന്റെ ദിശ, വെള്ളത്തിന്റെ അളവ്, ഊഷ്മാവ് എന്നീ കാര്യങ്ങളാണ് പഠനസംഘം വിലയിരുത്തിയത്. ഇതിനുപുറമെ, വെള്ളത്തിന്റെയും പുഴയിലെ മണ്ണിന്റെയും സാമ്പിള്‍പരിശോധനയും നടത്തി. ബുധനാഴ്ച രാത്രി എട്ടുമണിയോടെ പഠനം പൂര്‍ത്തിയാക്കി സംഘം കോഴിക്കോട്ട് തിരിച്ചെത്തിയപ്പോഴാണ് പുണെ സി.ഡബ്ല്യൂ.പി.ആര്‍.എസ്സിന്റെ പുതിയ നിര്‍ദേശം ലഭിച്ചത്. 15 ദിവസം തുടര്‍ച്ചയായി ഇതേ പഠനം ആവര്‍ത്തിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ബേപ്പൂര്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് ഇന്‍വെസ്റ്റിഗേഷന്‍ സബ്ഡിവിഷനിലെ എന്‍ജിനീയര്‍മാരായ കെ.രാജഷ്, വിനോ ആല്‍ബര്‍ട്ട് എന്നിവരാണ് കഴിഞ്ഞദിവസം പഠനസര്‍വേ നടത്തിയത്.
പുതിയ നിര്‍ദേശമനുസരിച്ച് പഠനസര്‍വേക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി ഫണ്ട് അനുവദിക്കേണ്ടതുണ്ട്. ഫണ്ട് ലഭ്യമായാല്‍ മാത്രമേ 15 ദിവസത്തെ പഠനം നടക്കൂ.

More Citizen News - Kasargod