ഉത്തരമലബാര്‍ ജലോത്സവം: വനിതകളും ഇത്തവണ തുഴയെറിയും

Posted on: 11 Sep 2015ചെറുവത്തൂര്‍: ഗാന്ധിജയന്തിദിനത്തില്‍ കാര്യങ്കോട് പുഴയില്‍ നടക്കുന്ന ഉത്തരമലബാര്‍ ജലോത്സവത്തില്‍ ഇത്തവണ വനിതകളും തുഴയെറിയും. 25, 15 ആള്‍ തുഴയും വള്ളംകളിയില്‍ പുരുഷടീമുകള്‍ ജലരാജപട്ടത്തിനായി പോരടിക്കുമ്പോള്‍ വനിതകള്‍ക്കായി പ്രദര്‍ശനമത്സരമാണ് ഇത്തവണ ഒരുക്കിയത്.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ ജനകീയ സംഘാടകസമിതിയാണ് മഹാത്മാഗന്ധി ട്രോഫിക്കായുള്ള ഉത്തരമലബാര്‍ ജലോത്സവം സംഘടിപ്പിക്കുന്നത്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ ഇരുപതോളം ടീമുകള്‍ ജലോത്സവത്തില്‍ മാറ്റുരയ്ക്കും.
അടുത്തവര്‍ഷം വനിതകള്‍ക്ക് തുഴച്ചില്‍മത്സരം സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ഇത്തവണ പ്രദര്‍ശനമത്സരം സംഘടിപ്പിക്കുന്നത്. മുന്‍കാലങ്ങളില്‍ നടത്തിവന്ന നിശ്ചലദൃശ്യമത്സരം ഇത്തവണയുണ്ടാകില്ല. വള്ളംകളി മത്സരവിജയികള്‍ക്ക് സമ്മാനത്തുക വര്‍ധിപ്പിക്കും. 25 പേര്‍ തുഴയും മത്സര വിജയികള്‍ക്ക് യഥാക്രമം 35,000, 30,000 രൂപ പ്രൈസ്മണി നല്കും. പങ്കെടുക്കുന്ന ടീമുകള്‍ക്ക് സമാശ്വാസമായി 10,000 രൂപ ലഭിക്കും.
15 പേര്‍ തുഴയും മത്സരത്തില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് യഥാക്രമം 25,000, 20,000 രൂപ പ്രൈസ്മണി നല്കും. പങ്കെടുക്കുന്ന ടീമുകള്‍ക്ക് സമാശ്വാസമായി 8,000 രൂപ ലഭിക്കും. ജലോത്സവത്തിനു മുന്നോടിയായി ഒക്ടോബര്‍ ഒന്നിന് കാര്യങ്കോട് നിന്ന് ചെറുവത്തൂര്‍ ടൗണിലേക്ക് വിളംബര ഘോഷയാത്ര നടക്കും.
ഉത്തരമലബാര്‍ ജലോത്സവത്തില്‍ ജലരാജപട്ടം കൈപ്പിടിയിലൊതുക്കാനുള്ള തീവ്രപരിശീലനത്തിലാണ് ടീമുകളെല്ലാം .

More Citizen News - Kasargod