യാത്രക്കാരുടെ തിരക്ക്; ചെന്നൈ സൂപ്പര്‍ഫാസ്റ്റില്‍ റിസര്‍വേഷന്‍ എടുത്തവര്‍ക്ക് കയറാനായില്ല

Posted on: 11 Sep 2015പുറപ്പെട്ട വണ്ടി വീണ്ടും നിര്‍ത്തി


കാഞ്ഞങ്ങാട്:
കമ്പാര്‍ട്ടുമെന്റില്‍നിന്ന് ഇറങ്ങാനും കയറാനും അഭൂതപൂര്‍വമായ തിരക്കനുഭവപ്പെട്ടപ്പോള്‍ ചെന്നൈ സൂപ്പര്‍ഫാസ്റ്റില്‍ കയറാനാകാതെ റിസര്‍വേഷന്‍ യാത്രക്കാര്‍ കഷ്ടപ്പെട്ടു. തീവണ്ടി നീങ്ങിത്തുടങ്ങുന്നതുകണ്ട് യാത്രക്കാരെ കൊണ്ടുവിടാനെത്തിയവരിലൊരാള്‍ ഓടിച്ചെന്ന് ഗാര്‍ഡിനോട് വിളിച്ചുപറഞ്ഞു. ഇതോടെ വീണ്ടും വണ്ടി നിര്‍ത്തി. കയറാന്‍നിന്ന സ്ഥലത്തുനിന്ന് മീറ്ററുകളോളം അകലെയെത്തി നിന്ന വണ്ടിയിലേക്ക് ഓടിക്കയറാനുള്ള തത്രപ്പാടായി പിന്നെ. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ ബാഗും പെട്ടിയുമെല്ലാമെടുത്ത് ഓടി. ചിലര്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റിലും മറ്റു ചിലര്‍ വേറെ കമ്പാര്‍ട്ടുമെന്റിലുമെല്ലാം കയറി. വ്യാഴാഴ്ച കാഞ്ഞങ്ങാട് റെയില്‍വേസ്റ്റേഷനില്‍നിന്ന് ചെന്നൈയിലേക്ക് പോകാനെത്തിയ യാത്രക്കാരാണ് ഇത്തരത്തില്‍ കഷ്ടപ്പെട്ടത്. ചെന്നൈയില്‍ വിവാഹ റിസപ്ഷന് പങ്കെടുക്കാന്‍ പുറപ്പെട്ട കാഞ്ഞങ്ങാട്ടെ ഒമ്പതംഗ സംഘവും ദുരിതമനുഭവിച്ച യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു. ജനറല്‍ കമ്പാര്‍ട്ടുമെന്റിലെ യാത്രക്കാര്‍, ആ കമ്പാര്‍ട്ടുമെന്റില്‍ കാലുകുത്താനിടമില്ലാത്തതിനാല്‍ മറ്റിടങ്ങളില്‍ കയറുന്നുണ്ട്. കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും ഇറങ്ങേണ്ട യാത്രക്കാരാണ് ഇത്തരത്തില്‍ കൂടുതലും കയറുന്നത്. ഇവരത്രയും ഇറങ്ങുമ്പോഴേക്കും തീവണ്ടിയുടെ സമയം കഴിഞ്ഞിട്ടുണ്ടാകും. വൈകിട്ട് 5.20നാണ് ചെന്നൈ സൂപ്പര്‍ഫാസ്റ്റ് കാഞ്ഞങ്ങാട്ടെത്തുന്നത്. ഇതിനുശേഷമുള്ളത് 6.10ന് എത്തുന്ന കണ്ണൂര്‍ പാസഞ്ചറാണ്. മംഗളൂരുവില്‍ വൈകുന്നേരങ്ങളില്‍ പുറപ്പെടുന്ന തീവണ്ടികളിലെ തിരക്ക് പലതവണ പാസഞ്ചേര്‍സ് അസോസിയേഷനടക്കം ചൂണ്ടിക്കാട്ടിയതാണ്. ഇതുവരെയായി ഒരു പരിഹാരവും ഉണ്ടായിട്ടില്ല.

More Citizen News - Kasargod