മാതൃഭൂമി-വികെ.സി. 'നന്മ' പദ്ധതി: അധ്യാപക ശില്പശാല നാളെ

Posted on: 11 Sep 2015കാഞ്ഞങ്ങാട്: മാതൃഭൂമി വിദ്യ-വി.കെ.സി. ജൂനിയര്‍ 'നന്മ' പദ്ധതിയുടെ കാസര്‍കോട് ജില്ലയിലെ അധ്യാപകര്‍ക്കുള്ള ശില്പശാല ശനിയാഴ്ച കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കും. രാവിലെ 10-ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി.രാഘവന്‍ ഉദ്ഘാടനംചെയ്യും. 'കുട്ടികളുടെ മാനസികാവസ്ഥ' എന്ന വിഷയത്തില്‍ കൗണ്‍സലര്‍ സൈക്കോളജിസ്റ്റ് സിന്ധു തമ്പാന്‍ ക്ലാസെടുക്കും.
നമ്മുടെ ജീവിതം നമ്മുടേത് മാത്രമല്ലെന്ന് ആവര്‍ത്തിച്ചോര്‍മിപ്പിക്കുകയാണ് മാതൃഭൂമിയും വി.കെ.സി.യും 'നന്മ' പദ്ധതിയിലൂടെ. സഹജീവിക്ക് തണലേകാനുള്ള മനോഭാവം കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നന്മയുടേത്. സൗഹാര്‍ദത്തിന്റേയും സ്‌നേഹത്തിന്റേയും വഴികളിലേക്ക് കുട്ടികളെ കൈപിടിച്ചെത്തിക്കാനുള്ള ഒട്ടേറെ പദ്ധതികളാണ് 'നന്മ' ഒരുക്കുന്നത്. സാന്ത്വനം, കവചം, കാഴ്ച, പിന്‍നടത്തം, മുന്‍നടത്തം, നെല്ലിക്ക, ഒപ്പമുള്ളവരോടൊപ്പം എന്നിങ്ങനെ വേര്‍തിരിച്ചവിഷയങ്ങളിലൂടെ കുട്ടികളെ കൂട്ടിക്കൊണ്ടുപോകും. ഇതുസംബന്ധിച്ച സമഗ്രമായ ക്ലാസുകളും അധ്യാപക ശില്പശാലയില്‍ ഉണ്ടാകും. നേരത്തെ റജിസ്റ്റര്‍ചെയ്യാത്ത സ്‌കൂളുകാര്‍ക്കും 'നന്മ' ശില്പശാലയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496002480 നമ്പറില്‍ ബന്ധപ്പെടണം.

More Citizen News - Kasargod