ആധാരത്തിന്റെ പകര്‍പ്പിന് ഫീസ് പോര, മഷിയും കടലാസും വാങ്ങി നല്കണം

Posted on: 11 Sep 2015ഹൊസ്ദുര്‍ഗ് സബ് റജിസ്ട്രാര്‍ ഓഫീസിലാണ് പ്രിന്ററിലേക്കുള്ള മഷിയും കടലാസും അപേക്ഷകന്‍ നല്‌കേണ്ടത്


കാഞ്ഞങ്ങാട്:
പഴയ ആധാരത്തിന്റെ പകര്‍പ്പ് കിട്ടാന്‍ അപേക്ഷാഫീസടച്ചാല്‍ മാത്രം പോര. കൂടെ കമ്പ്യൂട്ടര്‍ പ്രിന്ററില്‍ നിറയ്ക്കാനുള്ള മഷിയും പ്രിന്റ് എടുക്കാനുള്ള വെള്ളക്കടലാസും വാങ്ങിനല്കണം. ഹൊസ്ദുര്‍ഗ് സബ് റജിസ്ട്രാര്‍ ഓഫീസില്‍ ആധാരം പകര്‍പ്പിനായി അപേക്ഷ നല്കുന്നവര്‍ക്കാണ് ഈ ദുര്യോഗം.

കഴിഞ്ഞദിവസം ഒരു അപേക്ഷകന്‍ അപേക്ഷയോടൊപ്പം 310 രൂപ ഫീസിനത്തില്‍ അടച്ച് രശീതിയും കൈപ്പറ്റി. ഇതിനുശേഷം ഓഫീസില്‍ അന്വേഷിച്ചപ്പോഴാണ് പകര്‍പ്പ് കിട്ടണമെങ്കില്‍ കമ്പ്യൂട്ടര്‍ പ്രിന്റര്‍ ടോണറില്‍ മഷി നിറച്ചുനല്കാനും 50 പേജ് പകര്‍പ്പിന് ആവശ്യമായ വെള്ളക്കടലാസ് വാങ്ങാനും ഓഫീസിലെ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത്. ടോണറില്‍ മഷി തീര്‍ന്നിരിക്കുകയാണെന്നും പുതിയത് കിട്ടിയാലെ കാര്യം നടക്കൂ എന്നും ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.

450 രൂപ നല്കി ടോണറും വെള്ളക്കടലാസും ഓഫീസില്‍ ഏല്പിച്ചപ്പോള്‍ പകര്‍പ്പിനായി രണ്ടുദിവസം കാത്തുനില്ക്കണമെന്ന മറുപടിയാണ് ലഭിച്ചത്. പകര്‍പ്പെടുക്കുന്ന സ്‌കാനറിന്റെ ബാറ്ററി രാജപുരം ഓഫീസിലേക്ക് കൊണ്ടുപോയതാണ് കാരണമായി പറഞ്ഞത്.
ടോണര്‍ വാങ്ങാന്‍ തങ്ങള്‍ ആരെയും നിര്‍ബന്ധിക്കാറില്ലെന്നും പെട്ടെന്ന് പകര്‍പ്പ് കിട്ടാന്‍ ആവശ്യമുള്ളവര്‍ വാങ്ങി നല്കാറുണ്ടെന്നും ഹൊസ്ദുര്‍ഗ് സബ് റജിസ്ട്രാര്‍ കെ.എന്‍.ശ്രീകണ്ഠന്‍ പറഞ്ഞു. ഇതിന്റെ കാശ് സര്‍ക്കാറില്‍നിന്ന് എഴുതിവാങ്ങാറില്ല. പകര്‍പ്പിനുള്ള അപേക്ഷ ലഭിച്ചാല്‍ കഴിയുന്നതും രണ്ടുദിവസത്തിനകം നല്കാറുണ്ട്. രാജപുരം ഓഫീസിലെ ബാറ്ററി തകരാറിലായതിനാല്‍ ജില്ലാ റജിസ്ട്രാറിന്റെ നിര്‍ദേശമനുസരിച്ചാണ് രാജപുരത്തേക്ക് പലപ്പോഴായി ബാറ്ററി കൊണ്ടുപോകേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

More Citizen News - Kasargod