പഴ്‌സ് അടിച്ചുമാറ്റിയത് ക്യാമറ പിടിച്ചു; പണം തിരിച്ചേല്പിച്ച് യുവാവ് തടിയൂരി

Posted on: 11 Sep 2015കാഞ്ഞങ്ങാട്: മെഡിക്കല്‍ഷോപ്പ് കൗണ്ടറില്‍ മറന്നുവെച്ച പണമടങ്ങിയ പഴ്‌സ് അടിച്ചുമാറ്റിയ സംഭവം പുറത്തറിഞ്ഞതോടെ മോഷ്ടാവ് പണം പോലീസിലേല്പിച്ച് തടിയൂരി. കോട്ടച്ചേരി നീതി മെഡിക്കല്‍ഷോപ്പ് കൗണ്ടറിലായിരുന്നു മോഷണം നടന്നത്. കെ.എസ്.എഫ്.ഇ. ജീവനക്കാരനാണ് മരുന്ന് വാങ്ങുന്നതിനിടെ കൗണ്ടറില്‍ പഴ്‌സ് മറന്നുെവച്ചത്. കുറച്ചുസമയത്തിനകം തിരിച്ചെത്തുമ്പോഴേക്ക് പഴ്‌സ് അപ്രത്യക്ഷമായി.
തുടര്‍ന്ന് കൗണ്ടറില്‍ പതിഞ്ഞ സി.സി. ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരു യുവാവ് പഴ്‌സ് കൈക്കലാക്കുന്നത് കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവിനെ തിരിച്ചറിയുകയും ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയുമായിരുന്നു. ചോദ്യംചെയ്തപ്പോള്‍ ആദ്യമൊക്കെ മോഷണം നിഷേധിച്ച യുവാവ് ഒടുവില്‍ കുറ്റം ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ച് പണം തിരികെനല്കി തടിയൂരി. 6,800 രൂപയും തിരിച്ചറിയല്‍ രേഖകളുമാണ് പഴ്‌സില്‍ ഉണ്ടായിരുന്നത്.

More Citizen News - Kasargod