എന്‍ജിനീയര്‍മാരെ സ്ഥലംമാറ്റിയത് പദ്ധതിപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌

Posted on: 11 Sep 2015കാസര്‍കോട്: ജില്ലയിലെ പ്രധാന നിര്‍മാണപ്രവൃത്തികള്‍ നടപ്പാക്കേണ്ട എല്‍.എസ്.ജി.ഡി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫീസിലെയും പരപ്പ, കാസര്‍കോട്, കാറഡുക്ക, ബ്ലോക്ക് സബ് ഡിവിഷനുകളിലെയും അസി. എക്‌സി. എന്‍ജിനീയര്‍മാരെ ജില്ലയില്‍നിന്ന് സ്ഥലംമാറ്റിയിട്ട് പകരം നിയമനം നടത്താത്തത് പദ്ധതിപ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കുപുറമെ എം.എല്‍.എ. ആസ്തിവികസന ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍, നബാര്‍ഡ്, എന്റോസള്‍ഫാന്‍ പ്രവൃത്തികള്‍, കാസര്‍കോട് വികസനപാക്കേജ്, ആര്‍.എം.എസ്.എ. തുടങ്ങിയ പ്രവൃത്തികളെയും ഇത് സാരമായി ബാധിക്കും. ജില്ലയില്‍ 16 അസി. എന്‍ജിനീയര്‍മാരുടെയും 15 ഒന്നാംഗ്രേഡ് ഓവര്‍സീയര്‍മാരുടെയും ഒമ്പത് രണ്ടാംഗ്രേഡ് ഓവര്‍സിയര്‍മാരുടെയും രണ്ട് മൂന്നാംഗ്രേഡ് ഓവര്‍സിയര്‍മാരുടെയും ഒഴിവുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുണ്ട്. കഴിഞ്ഞമാസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അവലോകനയോഗത്തില്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ ഒഴിവുള്ള മുഴുവന്‍ തസ്തികയും നികത്താനവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്കിയിരുന്നു. നിലവിലുള്ള ഒഴിവുകള്‍ അടിയന്തരമായി നികത്തുന്നതിനുവേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.

More Citizen News - Kasargod