ഫുട്‌ബോളില്‍ കരുത്തുകാട്ടി രാവണീശ്വരത്തെ വീട്ടമ്മമാര്‍

Posted on: 10 Sep 2015പെരിയ: രാവണീശ്വരത്തെ ഫുട്‌ബോള്‍ പെരുമയ്ക്ക് മാറ്റുകൂട്ടാന്‍ പെണ്‍കരുത്തും. ജില്ലയിലെ അറിയപ്പെടുന്ന ഒട്ടേറെ ഫുട്‌ബോള്‍ ടീമുകളുടെ നാടായ രാവണീശ്വരത്തേക്ക് കുടുംബശ്രീ വനിതകളുടെ ടീമിന് സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം ലഭിച്ചതിന്റെ ആഹ്ലാദമാണ് നാട്ടുകാര്‍ക്ക്.
തൊഴിലുറപ്പ് തൊഴിലാളികള്‍ മാത്രം ഉള്‍ക്കൊള്ളുന്ന വെള്ളന്തട്ടയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ ടീമിനാണ് മലപ്പുറത്ത് നടന്ന കായികമത്സരത്തില്‍ ഫുട്‌ബോള്‍ കിരീടം ലഭിച്ചത്. രാവണീശ്വരം ഹയര്‍ സെക്കന്‍ഡറി മൈതാനത്ത് നടക്കാറുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍ കണ്ടും കൈയടിച്ച് പ്രോത്സാഹിപ്പിച്ചും മാത്രമുള്ള അറിവ് മാത്രമാണ് ഇവര്‍ക്ക് ആദ്യമുണ്ടായിരുന്നത്. ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള താത്പര്യം കണ്ടറിഞ്ഞ് പ്രദേശവാസിയും സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ താരവുമായ പ്രജീഷാണ് പരിശീലനം നല്കിയത്. ഫുട്‌ബോള്‍ കളിയിലെ നിയമങ്ങളും തന്ത്രങ്ങളുമെല്ലാം പ്രജീഷില്‍നിന്ന് പഠിച്ചെടുത്ത ആത്മവിശ്വാസവുമായാണ് മത്സരത്തിനിറങ്ങിയത്. മലപ്പുറത്ത് നടന്ന മത്സരത്തില്‍ ആലപ്പുഴയിലെ ടീമിനോടാണ് മത്സരിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജയിച്ചത്. വെള്ളന്തട്ടയിലെ രാധികയാണ് ടീം ക്യാപ്റ്റന്‍. അനിത, രമ്യ, ഓമന, ഗീത, സരോജ, വിജയലക്ഷ്മി, ലളിത, രമണി, മാധവി, തങ്കമണി, സുജാത, കൊറത്തി എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍.
നാടിന്റെ ഫുട്‌ബോള്‍ പെരുമയ്ക്ക് കരുത്തേകിയ വനിതാടീമിന് 13-ന് വൈകിട്ട് മൂന്നിന് പൗരാവലി സ്വീകരണം ഒരുക്കിയിട്ടുണ്ട്.

More Citizen News - Kasargod