ബാവിക്കര സ്ഥിരംതടയണ നിര്‍മാണം വീണ്ടും അനിശ്ചിതത്വത്തിലേക്ക്‌

Posted on: 10 Sep 2015കാസര്‍കോടിന്റെ കുടിവെള്ളം


ബോവിക്കാനം:
ബാവിക്കര സ്ഥിരംതടയണ നിര്‍മാണത്തിനുമുമ്പ് വിദഗ്ധ പരിശോധനവേണമെന്ന് ചീഫ് വിജിലന്‍സ് എന്‍ജിനീയര്‍ നിര്‍ദേശിച്ച സാഹചര്യത്തില്‍ തടയണനിര്‍മാണം വീണ്ടും അനിശ്ചിതത്വത്തിലായി. വിജിലന്‍സ് ചീഫ് എന്‍ജിനീയര്‍ കെ.ജി.പ്രതാപ് രാജിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പദ്ധതിപ്രദേശം തിരഞ്ഞെടുത്തതിലും രൂപരേഖ തയ്യാറാക്കിയതിലും വീഴ്ചയുണ്ടായതായി കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് വിദഗ്ധരുടെ പരിശോധനയ്ക്കുശേഷം മാത്രമേ ഇനി തടയണനിര്‍മാണം ആരംഭിക്കാവൂവെന്ന് നിര്‍ദേശിച്ചത്.
ജലസേചനവകുപ്പിലെ ഉന്നത ഉദോഗസ്ഥരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും ദീര്‍ഘവീക്ഷണമില്ലായ്മയുമാണ് സ്ഥിരംതടയണ നിര്‍മാണത്തിന് വിലങ്ങുതടിയായത്. ഇതിനകം ലക്ഷങ്ങളാണ് നിര്‍മാണത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഒഴുകിയത്.
1993-ല്‍ 95 ലക്ഷം രൂപയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കിയ തടയണനിര്‍മാണമിപ്പോള്‍ 20 കോടിയില്‍ എത്തിനില്‍ക്കുന്നു.
കാസര്‍കോട് നഗരത്തിലും പരിസര പഞ്ചായത്തിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള ജലവിഭവവകുപ്പിന്റെ ബാവിക്കര പദ്ധതിപ്രദേശത്ത് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനാണ് സ്ഥിരംതടയണ പണിയുന്നത്. 1980 മുതല്‍ താത്കാലിക തടയണയുടെ പേരില്‍ ലക്ഷങ്ങളാണ് ഓരോവര്‍ഷവും വെള്ളത്തിലാക്കുന്നത്.
സ്ഥിരംതടയണ നിര്‍മാണത്തിനുള്ള എസ്റ്റിമേറ്റ് തുക വീണ്ടും വര്‍ധിപ്പിച്ചുകൊണ്ടുള്ള ജലവിഭവസെക്രട്ടറി ടിങ്കു ബിശ്വാളിന്റെ 2015 മാര്‍ച്ച് 18-ന്റെ ഭരണാനുമതി ഉത്തരവില്‍ തടയണനിര്‍മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്കും ശുപാര്‍ശചെയ്തിരുന്നു.
2005-ല്‍ സ്ഥിരംതടയണ നിര്‍മാണം രണ്ട് തൂണുകളില്‍ ഒതുക്കി ഒന്നരക്കോടി കൈപ്പറ്റിയതിനുശേഷം കരാറുകാരന്‍ പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു.
2012-ല്‍ എസ്റ്റിമേറ്റ് തുക 7.85 കോടിയും 82 ശതമാനം കൂടുതലും അനുവദിച്ച് കരാര്‍ നല്‍കി. 2013 ഫിബ്രവരിയില്‍ പണിതുടങ്ങി. 20 ശതമാനം പണിപൂര്‍ത്തിയായപ്പോള്‍ സ്ഥലം അനുയോജ്യമല്ലെന്നും ആവശ്യമായ മാറ്റം വരുത്തണമെന്നും സ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥന്‍ കണ്ടെത്തി പണിനിര്‍ത്താന്‍ ആവശ്യപ്പെട്ടു. നാലരകോടിയിലേറെ പുതിയ കരാറുകാരനും കൈപ്പറ്റി. മാറ്റംവരുത്തി വീണ്ടും എസ്റ്റിമേറ്റ് പുതുക്കി നല്‍കുമ്പോഴേക്കും രണ്ടുവര്‍ഷംകൂടി പിന്നിട്ടു.
വിജിലന്‍സ് ചീഫ് എന്‍ജിനീയറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ പരിശോധനയ്ക്കും തുടര്‍നടപടികള്‍ക്കുംവേണ്ടി ഇനിയും എത്രകാലം കാത്തിരിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍. സ്ഥലം അനുയോജ്യമല്ലെന്ന് കണ്ടെത്തുകയാണെങ്കില്‍ കോടികളാവും വെള്ളത്തിലാവുക.
കാസര്‍കോട് നഗരസഭയിലെയും പരിസര പഞ്ചായത്തുകളായ ചെങ്കള, മുളിയാര്‍, മധൂര്‍, മൊഗ്രാല്‍-പുത്തൂര്‍ പഞ്ചായത്തുകളിലെയും ആയിരക്കണക്കിന് കുടുംബങ്ങളാണ് കുടിവെള്ളത്തിനായി ജല അതോറിറ്റിയെ ആശ്രയിക്കുന്നത്.

More Citizen News - Kasargod