രജീഷിന് സാന്ത്വനമേകാന്‍ എല്‍.ഐ.സി. ജീവനക്കാരെത്തി

Posted on: 10 Sep 2015ചെറുവത്തൂര്‍: മയ്യിച്ചയിലുണ്ടായ വാഹനാപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ വലതുകൈ നഷ്ടമായ രജീഷിനെ (19) സാന്ത്വനിപ്പിക്കാന്‍ എല്‍.ഐ.സി. എംപ്ലോയീസ് യൂണിയന്‍ പ്രവര്‍ത്തകര്‍. ജൂലായ് 26-നാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
ദേശീയപാതയോരത്തെ വൈദ്യുതത്തൂണ്‍ ഇടിച്ചുതകര്‍ത്തശേഷം കാര്‍ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്താനായി ഓടിയെത്തിയ രജീഷിന് പൊട്ടിവീണ വൈദ്യുതിലൈനില്‍ തട്ടി ഷോക്കേറ്റു. മംഗളൂരു ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച രജീഷിന്റെ വലതുകൈ മുറിച്ചു മാറ്റേണ്ടിവന്നു.
തലയ്‌ക്കേറ്റ പരിക്കും സാരമുള്ളതാണ്. രജീഷ് ഇപ്പോഴും ചികിത്സയിലാണ്. ആസ്​പത്രിയില്‍നിന്ന് വീട്ടിലെത്തിയ രജീഷിന് തങ്ങളാലാവുന്ന സഹായവുമായി എല്‍.ഐ.സി. നീലേശ്വരം ബ്രാഞ്ചിലെ ജീവനക്കാരാണെത്തിയത്. പി.രമേഷ്, എം.സുരേന്ദ്രന്‍, എം.രാജന്‍, എം.ഹരിദാസന്‍, പി.അശോകന്‍, പി.ബാലന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം യൂണിയന്റെ സഹായം രജീഷിന് കൈമാറി.

More Citizen News - Kasargod