നാരായണിയുടെ പച്ചക്കറിത്തോട്ടം നിത്യഹരിതം

Posted on: 10 Sep 2015ഉദുമ: കാലഭേദമില്ലാതെ പയറും കക്കിരിയും വെണ്ടയുമൊക്കെ വേണ്ടത്ര വിളയും ഈ അറുപതുകാരിയുടെ പച്ചക്കറിത്തോട്ടത്തില്‍. പത്തുവര്‍ഷത്തിലധികമായി മുഴുവന്‍ സമയവും പച്ചക്കറിക്കൃഷി നടത്തി വിജയംകൊയ്യുന്നു പള്ളിക്കര പനയാല്‍ നെല്ലിയടുക്കത്തെ നാരായണി.
കഴിഞ്ഞ ഓണനാളിലും പത്തായിരത്തിലധികം രൂപയുടെ പച്ചക്കറി വിറ്റുവെന്ന് ഈ കര്‍ഷക അഭിമാനത്തോടെ പറയുന്നു. മഴ തുടങ്ങുംമുമ്പേ ഓണവിപണി ലക്ഷ്യംവെച്ച് കൃഷിയിറക്കിയിരുന്നു.
വെണ്ടയ്ക്കുപുറമേ ഒന്നിടവിട്ട ദിവസം അമ്പതുകിലോ വിളവെടുക്കുംവിധം പയര്‍കൃഷിയുമുണ്ട്. ഒരുഭാഗത്ത് വിളവെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ അടുത്ത സ്ഥലത്ത് വിളവെടുക്കാന്‍ പാകത്തില്‍ പച്ചക്കറിത്തോട്ടം ഒരുക്കുകയാണ് ഇവരുടെ കൃഷിരീതി. ഒരേക്കറോളം കരഭൂമിയിലാണ് കൃഷി. പത്തുവര്‍ഷംമുമ്പ് കരനെല്‍ക്കൃഷിയായിരുന്നു. ജലസേചന സൗകര്യമുള്ളതിനാല്‍ വര്‍ഷം മുഴുവനും കൃഷിനടത്താന്‍ കഴിയുന്നു.
ചാണകമടക്കമുള്ള ജൈവവളവും ഗോമൂത്രം ചേര്‍ത്തുണ്ടാക്കുന്ന ജൈവ കീടനാശിനിയും ഇവരുടെ കൃഷിയിടം വിഷവിമുക്തമാക്കുന്നു. ഇതിനായി മൂന്ന് നാടന്‍പശുക്കളെയും വളര്‍ത്തുന്നുണ്ട്.
ബട്ടത്തുരും ഉദുമയിലുമുള്ള കര്‍ഷകരുടെ കൂട്ടായ്മ നടത്തുന്ന സംഘംവഴിയാണ് പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കുന്നത്. പള്ളിക്കര കൃഷി ഓഫീസര്‍ വേണുഗോപാലന്‍ അടക്കമുള്ള ജീവനക്കാരുടെ ഉപദേശവും നാരായണിക്ക് ലഭിക്കുന്നുണ്ട്. സഹോദരങ്ങളായ അപ്പകുഞ്ഞി, ദേവകി, സഹോദരന്റെ ഭാര്യ കമലാക്ഷി എന്നിവര്‍ നാരായണിയെ സഹായിക്കും.
കാര്‍ഷികമേഖലയിലെ നാരായണിയുടെ കഴിവിനെ പള്ളിക്കര പഞ്ചായത്ത് ഇത്തവണ അംഗീകരിച്ചിരുന്നു. കര്‍ഷകദിനത്തില്‍ മികച്ച കര്‍ഷകയായി ഇവരെ ആദരിച്ചിരുന്നു.

More Citizen News - Kasargod