പൊതുശുചിത്വസമുച്ചയങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി

Posted on: 10 Sep 2015കാസര്‍കോട്: ജില്ലയിലെ പൊതുശുചിത്വസമുച്ചയങ്ങള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ ശുചിത്വമിഷന്‍ ഫണ്ടുപയോഗിച്ച് നിര്‍മിച്ച പൊതുശുചിത്വസമുച്ചയങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ചേര്‍ന്ന ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഈ തീരുമാനം. ജില്ലയിലെ 26 പഞ്ചായത്തുകളിലായി 65 പൊതുശുചിത്വസമുച്ചയങ്ങളാണ് നിര്‍മിച്ചിട്ടുള്ളത്. പണി പാതിയില്‍ നിര്‍ത്തിയ ശുചിത്വസമുച്ചയങ്ങളുടെ പണി പൂര്‍ത്തീകരിച്ച് ബ്ലോക്ക് പഞ്ചായത്തിന് ഉടന്‍ കൈമാറണം. അറ്റുകുറ്റപ്പണികളുള്ളതുമൂലം പ്രവര്‍ത്തിക്കാത്തത് പഞ്ചായത്തുകള്‍ തുക കണ്ടെത്തി പ്രവര്‍ത്തനക്ഷമമാക്കണം. ശുചിത്വമിഷന്റെ ഫണ്ട് വാങ്ങി സ്ഥലം ലഭ്യമല്ലാത്തതിനാല്‍ പ്രവൃത്തി തുടങ്ങാത്ത ബ്ലോക്ക് പഞ്ചായത്തുകള്‍ ഫണ്ട് തിരിച്ചടക്കണം. ശുചിത്വമിഷന്‍ നിര്‍മല്‍ ഗ്രാമപുരസ്‌കാര്‍മൂലം ലഭിച്ച ഫണ്ട് നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വിനിയോഗിക്കണം. മാലിന്യത്തിന്റെ അളവ് കുറക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് യോഗങ്ങളിലും പൊതുപരിപാടികളിലും പ്ലാസ്റ്റിക് ഗ്ലാസ് ഒഴിവാക്കി സ്റ്റീല്‍ ഗ്ലാസ് ഉപയോഗിക്കണമെന്നും യോഗത്തില്‍ നിര്‍ദേശം നല്‍കി. ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.വി.രാധാകൃഷ്ണന്‍, ഡെപ്യൂട്ടി ഡി.എംഒ. ഡോ. എം.സി.വിമല്‍രാജ്, എന്‍ഡോസള്‍ഫാന്‍ നോഡല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod