ഗതാഗതത്തിന് ഭീഷണിയായി റോഡിന്റെ പാര്‍ശ്വഭാഗം തകര്‍ന്നു

Posted on: 10 Sep 2015രാജപുരം: ചുള്ളിക്കര-കൊട്ടോടി റോഡിന്റെ പാര്‍ശ്വഭാഗം തകര്‍ന്നിട്ട് മാസങ്ങള്‍. തിരിഞ്ഞുനോക്കാതെ അധികൃതര്‍. ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ ചുള്ളിക്കര-കൊട്ടോടി-കുറ്റിക്കോല്‍ റോഡില്‍ ചുള്ളിക്കരടൗണിനുസമീപം റോഡിന്റെ പാര്‍ശ്വഭാഗം തകര്‍ന്നതാണ് വാഹനഗതാഗതത്തിന് ഭീഷണിയാകുന്നത്. റോഡിനുസമീപം മണ്ണിടിഞ്ഞ് താഴ്ന്നതോടെ ഇവിടെ സ്ഥാപിച്ചിട്ടുള്ള കുടിവെള്ളപൈപ്പും ടെലിഫോണ്‍കേബിളും പുറത്തുകാണുന്ന നിലയിലാണ്. അഞ്ച് ബസ്സുകളടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഇതുവഴി ഭാരംകയറ്റിവരുന്ന വലിയവാഹനങ്ങള്‍ക്ക് കടന്നുപോകാനും ബുദ്ധിമുട്ടാണ്. മലയോരത്തുനിന്ന് ജില്ലാകേന്ദ്രത്തിലെത്തുന്ന പ്രധാന റോഡുകളിലൊന്നാണിത്. ഇതില്‍ ചുള്ളിക്കര മുതല്‍ കൊട്ടോടി കുടുംബൂര്‍പാലം വരെയുള്ള ഭാഗം മെക്കാഡംടാറിങ് നടത്താന്‍ അനുമതിയായിരുന്നു. എന്നാല്‍ ഇതുവരെയും പണി തുടങ്ങിയിട്ടില്ല. മെക്കാഡംടാറിങ് അനുവദിച്ചിട്ടുള്ളതിനാല്‍ തകര്‍ന്ന റോഡിന്റെ അപകടാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

More Citizen News - Kasargod