കെ.ടി.യുടെ 'വെള്ളപ്പൊക്കം' വീണ്ടും അരങ്ങില്‍

Posted on: 10 Sep 2015
പാലക്കുന്ന്:
ഡി.വൈ.എഫ്.ഐ. മുതിയക്കാല്‍ യൂണിറ്റിന്റെയും ചെഗുവേര യുവജന സ്വാശ്രയ സംഘത്തിന്റെയും നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമായി കെ.ടി.മുഹമ്മദിന്റെ വെള്ളപ്പൊക്കം എന്ന നാടകം തിയേറ്റര്‍ ലാബ് വീണ്ടും അരങ്ങിലെത്തിച്ചു. പരീക്ഷണനാടകങ്ങളെ പ്രോത്സാഹിപ്പിക്കാനും ജനകീയ നാടക സങ്കല്‍പ്പത്തെ വളര്‍ത്തിയെടുക്കുന്നതിനുമായി രൂപവത്കരിച്ച നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് തിയേറ്റര്‍ ലാബ്.
കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പൂര്‍വവിദ്യാര്‍ഥികളും നിലവില്‍ വിദ്യാര്‍ഥികളുമായ സംഘമാണ് തിയേറ്റര്‍ ലാബിനെ നയിക്കുന്നത്.
കേരളത്തില്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിച്ച കെ.ടി.മുഹമ്മദിന്റെ നാടകമായ വെള്ളപ്പൊക്കം ഒരു ഗ്രാമത്തിനുമുമ്പില്‍ പുതുതലമുറക്കാരായ നാടക പ്രവര്‍ത്തകര്‍ സമര്‍പ്പിച്ചപ്പോള്‍ അത് മുതിയക്കാലിന് നവ്യാനുഭവമായി മാറി. ദിലീപ് മുതിയക്കാലാണ് വെള്ളപ്പൊക്കം സംവിധാനം ചെയ്തത്. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഫൈന്‍ ആര്‍ട്‌സ് വിഭാഗം വിദ്യാര്‍ഥികളായ ജി.എസ്.അനന്തകൃഷ്ണന്‍ അണിഞ്ഞ, അജിത്ത് കൊട്ടോടി, ഹരീഷ് പള്ളാരം, പ്രവീണ്‍ കാടകം, തിരുവനന്തപുരം ജഗതി ഇന്‍സ്റ്റിറ്റിയൂട്ടില്‍ സൗണ്ട് എന്‍ജിനീയറായ അഖില്‍രാജ് ചെന്നിക്കര എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിച്ചത്.
മുതിയക്കാലിലെ മുരളി, രാമചന്ദ്രന്‍, സി.കെ.ശശി, അശ്വതി, മനീഷ, നിഖില്‍ എരോല്‍, ശിവകുമാര്‍, ജിബിന്‍ലാല്‍, രാകേഷ് കളിങ്ങോത്ത്, സോന, നന്ദന, നന്ദന നാരായണന്‍, ആര്യ, അഭിജിത്ത്, അഖില്‍, വൈഷ്ണവ്, ശരത്ത് എന്നിവരാണ് വേഷമിട്ടത്.

More Citizen News - Kasargod