ടോള്‍പിരിവ് നിര്‍ത്തിവെക്കണം

Posted on: 09 Sep 2015



നീലേശ്വരം: ദേശീയപാതയിലെ താറുമാറായിക്കിടക്കുന്ന പടന്നക്കാട് റെയില്‍വേ മേല്പാലം അറ്റകുറ്റപ്പണിനടത്തി ഗതാഗതയോഗ്യമാക്കുന്നതുവരെ ടോള്‍പിരിവ് നിര്‍ത്തിവെക്കണമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. 17, 18 തീയതികളില്‍ ചരല്‍ക്കുന്നില്‍ നടക്കുന്ന സംസ്ഥാന നേതൃത്വപരിശീലന ക്യാമ്പില്‍ പങ്കെടുക്കേണ്ട പ്രതിനിധികളെ യോഗം തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് പി.എം.മൈക്കിള്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. വി.വി.കമലാക്ഷന്‍, ജില്ലാ സെക്രട്ടറി പി.വി.ബാലചന്ദ്രന്‍, ജേക്കബ് കാളിശ്ശേരി, പി.വി.രാജു, സി.വി.കരുണാകരന്‍, കെ.സാജു എന്നിവര്‍ സംസാരിച്ചു.

ചായ്യോത്ത് ഗവ. എച്ച്.എസ്.എസ്. ഓവറോള്‍ ചാമ്പ്യന്‍മാര്‍
നീലേശ്വരം:
ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ച ചിറ്റാരിക്കാല്‍ ഉപജില്ലാ സ്‌കൂള്‍ ഗെയിംസ് മേളയില്‍ 86 പോയിന്റുകള്‍ നേടി ആതിഥേയരായ ചായ്യോത്ത് ഗവ. എച്ച്.എസ്.എസ്. ഓവറോള്‍ ചാമ്പ്യന്മാരായി. ചിറ്റാരിക്കാല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
നീലേശ്വരം:
ബി.ജെ.പി., ആര്‍.എസ്.എസ്. അക്രമത്തിനെതിരെ സി.പി.എം. ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. നീലേശ്വരം ലോക്കല്‍ കമ്മിറ്റി കൂട്ടായ്മ ജില്ലാ സെക്രട്ടേറിയറ്റംഗം പി.ജനാര്‍ദനന്‍ ഉദ്ഘാടനംചെയ്തു. പി.വി.ശൈലേഷ്ബാബു അധ്യക്ഷതവഹിച്ചു. പി.എം.സന്ധ്യ പ്രസംഗിച്ചു.

ലോക സാക്ഷരതാദിനം ആചരിച്ചു
നീലേശ്വരം:
തീര്‍ഥങ്കര ശ്രീനാരായണ സ്‌കൂള്‍ ലോക സാക്ഷരതാദിനം ആചരിച്ചു. പ്രഥമാധ്യാപകന്‍ കെ.ബാലഗോപാലന്‍ പ്രഭാഷണംനടത്തി. സ്വാമി പ്രേമാനന്ദ, പ്രമോദ് കരുവളം എന്നിവര്‍ സംസാരിച്ചു.കാന്‍ഫെഡ് ലോക സാക്ഷരതാദിനം ആചരിച്ചു. സ്വാതന്ത്ര്യസമരസേനാനി കെ.ആര്‍.കണ്ണന്‍ ഉദ്ഘാടനംചെയ്തു. ഡോ. ടി.എം.സുരേന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. വര്‍ഷങ്ങളായി സാക്ഷരതാപ്രവര്‍ത്തനം നടത്തിവരുന്ന പ്രേരക് ഇ.രാധയെ ആദരിച്ചു. എ.ഗോപാലന്‍ നായര്‍, എ.വി.പദ്മനാഭന്‍, ഇ.രാധ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod