ചികിത്സയ്ക്കും അന്തിയുറങ്ങാനും ഗഫൂറിന് കൈത്താങ്ങ് വേണം

Posted on: 09 Sep 2015തൃക്കരിപ്പൂര്‍: കിടപ്പാടമോ ചികിത്സയ്ക്ക് മാര്‍ഗമോ കാണാതെ കടവരാന്തയില്‍ അന്തിയുറങ്ങുന്ന ഗഫൂറിന് അധികൃതരുടെ കൈത്താങ്ങ് വേണം.
വാഹനങ്ങളുടെ വാട്ടര്‍സര്‍വീസ് വ്യാപകമാവുംമുമ്പ് വെള്ളം കോരി വാഹനങ്ങള്‍ വൃത്തിയാക്കി ജീവിതച്ചെലവ് കണ്ടെത്തിയ മാടമ്പില്ലത്ത് അബ്ദുല്‍ഗഫൂറി(52)ന്റേത് ദുരിതജീവിതമാണ്. വര്‍ഷങ്ങളായി കഠിനമായ ജോലിചെയ്യാന്‍ കഴിയാതെ കുഴങ്ങുകയാണ്. ഇപ്പോള്‍ ഹൃദയസംബന്ധമായ അസുഖംമൂലം കാലുകള്‍ നീര്‍ക്കെട്ടുവന്ന് നില്‍ക്കാന്‍ പോലുമാവാതെ കടവരാന്തയില്‍ ഉറങ്ങി ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. ഇരുകാലിലുമുണ്ടായ വ്രണം പഴുത്തും പൊട്ടിയൊലിച്ചും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
നിരന്തരം അസുഖങ്ങള്‍ ഒന്നിനുപിറകെ ഒന്നായി വന്നതോടെ മൂന്നുമാസംമുമ്പാണ് കാഞ്ഞങ്ങാട് ജില്ലാ ആസ്​പത്രിയില്‍ തൃക്കരിപ്പൂരിലെ ചില ടാക്‌സിഡ്രൈവര്‍മാരുടെ സഹായത്തോടെ ഗഫൂറെത്തിയത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തുടര്‍ച്ചയായി വേണമെന്നും ദിവസം മൂന്നുനേരവും ഗുളികകള്‍ കഴിച്ചേ മതിയാവൂ എന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു
കിടക്കാന്‍ സ്ഥലംപോലുമില്ലാതെ കഴിയുന്ന ഗഫൂറിന് ഭക്ഷണമോ മരുന്നോ വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ഏറെ ബുദ്ധിമുട്ടുന്ന അവസ്ഥയില്‍ കാരുണ്യത്തിനായി പലപ്പോഴും ബസ്സ്റ്റാന്‍ഡിനടുത്തുള്ള ടാക്‌സിഡ്രൈവര്‍മാരാണ് സഹായത്തിനായെത്തുന്നത്. രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമാണ് ഇദ്ദേഹത്തിനുള്ളത്. വിവാഹിതനായിരുന്ന ഗഫൂറുമായി 20 വര്‍ഷം മുമ്പ് ഭാര്യ ബന്ധം വേര്‍പെടുത്തുകയായിരുന്നു. അധികൃതരുടെയും നാട്ടുകാരുടെയും സഹായത്തില്‍ ചികിത്സയും ജീവിതമാര്‍ഗവും കണ്ടെത്താനുള്ള ശ്രമമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടാക്‌സിഡ്രൈവര്‍മാര്‍.

More Citizen News - Kasargod