മാധ്യമപ്രവര്‍ത്തകന്റേത് ഇരകളുടെ രാഷ്ട്രീയമാകണം -വൈസ് ചാന്‍സലര്‍

Posted on: 09 Sep 2015നീലേശ്വരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും അത് വേട്ടയാടപ്പെടുന്നവന്റെ കൂടെനിന്നുകൊണ്ടുള്ള ഇരകളുടെ രാഷ്ട്രീയമാകണന്നും കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. ആകാശവാണി കണ്ണൂര്‍ നിലയവും കണ്ണൂര്‍ സര്‍വകലാശാല മലയാളവിഭാഗവും സംയുക്തമായി സംഘടിപ്പിച്ച മാധ്യമം, സമൂഹം, രാഷ്ട്രീയം, സാസ്‌കാരം എന്ന സെമിനാറിലെ ഒരാഴ്ചത്തെ പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ ആകാശവാണി പ്രോഗ്രാം മേധാവി കെ.ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ജില്ലാ ബ്യൂറോ ചീഫ് കെ.ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് മാധ്യമവും സാഹിത്യവും എന്ന വിഷയത്തില്‍ ഡോ. പി.കെ.രാജശേഖരന്‍ പ്രഭാഷണം നടത്തി.
സാഹിത്യവും അച്ചടിമാധ്യമങ്ങളും മാത്രമാണ് യഥാര്‍ഥ മാധ്യമം എന്ന പഴയനിലപാട് തിരുത്തപ്പെടേണ്ടതാണെന്നും സോഷ്യല്‍ മീഡിയകളെല്ലാം ഇന്ന് മാധ്യമങ്ങളെന്ന ഗണത്തില്‍പെടുമെന്നും ഡോ. പി.കെ.രാജശേഖരന്‍ അഭിപ്രായപ്പെട്ടു.
കാമ്പസ് ഡയറക്ടര്‍ ഡോ. എ.എം.ശ്രീധരന്‍, കെ.മഹിബാല എന്നിവര്‍ സംസാരിച്ചു. ബുധനാഴ്ച വിവിധ വിഷയങ്ങളില്‍ സന്തോഷ് മാനിച്ചേരിയും ജിക്കു വര്‍ഗീസ് ജേക്കബും പ്രഭാഷണം നടത്തും. സപ്തംബര്‍ 15-വരെ പ്രഭാഷണപരമ്പര ഉണ്ടാവും.

More Citizen News - Kasargod