ബദിയടുക്കയില്‍ മദ്യപരുടെ ശല്യം; മൂന്നുപേര്‍ പിടിയില്‍

Posted on: 09 Sep 2015ബദിയടുക്ക: ബദിയടുക്ക ടൗണിലും പരിസരങ്ങളിലും മദ്യപരുടെ ശല്യം രൂക്ഷം. പോലീസ് സ്റ്റേഷന് എതിര്‍വശത്ത് ക്യാംപ്‌കോവിന്റെ പിറകുവശത്തായി സ്വകാര്യറോഡില്‍ മദ്യക്കുപ്പികളും പ്ലാസ്റ്റിക് ഗ്ലാസുകളും നിറഞ്ഞു. പെര്‍ഡാല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ടൗണില്‍നിന്ന് പോകുന്ന വഴിയില്‍ കുപ്പികള്‍ പൊട്ടിച്ചിടുന്നത് കുട്ടികള്‍ക്ക് ഭീഷണിയാകുന്നു. പത്തോളം വീടുകളിലേക്കുള്ള റോഡില്‍ നിറയെ മദ്യകുപ്പികളാണ്. മൊബൈല്‍ ടവറിന്റെ മതിലിനോട് ചേര്‍ന്നാണ് മദ്യപരുടെ താവളം. പലയിടത്തുനിന്നുള്ള ആള്‍ക്കാര്‍ ഇവിടെയെത്തുന്നു. ഒരുഭാഗത്ത് സ്വകാര്യവ്യക്തിയുടെ ആളില്ലാപ്പറമ്പായതിനാല്‍ ഇതുവഴി പോകുന്നവര്‍ ഭീതിയിലാണ്. പരാതിയെത്തുടര്‍ന്ന് പോലീസ് പരിശോധന തുടങ്ങി. എസ്.ഐ. എ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധനയ്ക്കിടെ മദ്യപിച്ച് ബഹളംവെച്ചതിന് മൂന്നുപേരെയും മദ്യപിച്ച് വാഹനമോടിച്ചതിന് ഒരാളെയും അറസ്റ്റുചെയ്തു. ബദിയടുക്ക ടൗണില്‍ മദ്യപിച്ച് ബഹളംവെച്ചതിനും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നരീതിയില്‍ പെരുമാറിയതിനും രാജേഷ്, ലത്തീഫ്, ശിവപ്പനായിക് എന്നിവരെയാണ് അറസ്റ്റുചെയ്തത്. മദ്യപിച്ച് ബൈക്കോടിച്ചതിന് ഉദയകുമാറിനെ അറസ്റ്റുചെയ്തു. ബദിയടുക്ക ടൗണില്‍ മദ്യപരുടെ അഴിഞ്ഞാട്ടം പതിവാണ്.

More Citizen News - Kasargod