പരിശോധന സംവിധാനമില്ല; അതിര്‍ത്തി കടന്ന് പച്ചക്കറി വില്പന വ്യാപകം

Posted on: 09 Sep 2015രാജപുരം: പരിശോധന സംവിധാനമില്ലാതെ മലയോരത്ത് കര്‍ണാടക പച്ചക്കറി ലോറിയിലെത്തിച്ച് വ്യാപകമായി വില്പന നടത്തുന്നു. അതിര്‍ത്തി കടന്ന് വില്പനയ്‌ക്കെത്തുന്ന പച്ചക്കറികളില്‍ പരിശോധന നടത്താനോ വിഷാംശം കണ്ടെത്താനോ നിലവില്‍ സംവിധാനമില്ല. കര്‍ണാടകയോട് ചേര്‍ന്ന് കിടക്കുന്ന പാണത്തൂര്‍ ചെക്‌പോസ്റ്റ് കടന്നും ബന്തടുക്ക വഴിയും ദിവസേന ലോഡ്കണക്കിന് പച്ചക്കറികളാണ് കടന്നു പോകുന്നത്. കര്‍ണാടകയില്‍ നിന്നുമെത്തുന്ന ഈ പച്ചക്കറികളില്‍ യാതൊരുവിധ പരിശോധനയും നടക്കാറില്ല. ചെക്‌പോസ്റ്റുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും വിഷം കലര്‍ന്ന പച്ചക്കറികള്‍ തിരിച്ചറിയാനുള്ള സൗകര്യങ്ങളില്ലാത്തതും പച്ചക്കറി കടത്തുകാര്‍ക്ക് അനുഗ്രഹമാവുന്നു. കര്‍ണാടകയിലെ പച്ചക്കറി കൃഷിയിടത്തിലെത്തുന്ന വ്യാപാരികള്‍ പച്ചക്കറികള്‍ മൊത്തമായി വിലയ്‌ക്കെടുത്ത് കേരളത്തിലെത്തിച്ച് ഇരട്ടി വിലയീടാക്കി വില്പന നടത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍ക്കാകട്ടെ ന്യായമായ വില നല്‍കി കര്‍ഷകരില്‍ നിന്ന് വാങ്ങാന്‍ വ്യാപാരികള്‍ തയ്യാറാകുന്നുമില്ല്‌ലെന്ന് കര്‍ഷകര്‍ പറയുന്നു. ഞായറാഴ്ചകളിലും വൈകുന്നേരങ്ങളിലും മലയോരത്തെ പ്രധാന ടൗണുകളില്‍ കര്‍ണാടകത്തില്‍ നിന്ന് ലോറിയില്‍ കൊണ്ടുവന്ന് പച്ചക്കറി വിതരണം ചെയ്യുന്ന ചെറുസംഘങ്ങളുമുണ്ട്. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ പച്ചക്കറികള്‍ ലഭിക്കുന്നതിനാല്‍ ആവശ്യക്കാരും കൂടുതലാണ്. അതിര്‍ത്തികടന്നെത്തുന്ന പച്ചക്കറി വാഹനങ്ങള്‍ കര്‍ശനപരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

More Citizen News - Kasargod