എ.ടി.എം. കവര്‍ച്ച; പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു

Posted on: 08 Sep 2015ഉദിനൂര്‍: സര്‍വീസിങ്ങിന്റെ മറവില്‍ എ.ടി.എം. കവര്‍ച്ച നടത്തിയ സര്‍വീസിങ് എന്‍ജിനീയര്‍ ആലുവ സി.എസ്.ഐ പള്ളിക്ക് സമീപത്തെ വിനോദ് ജിറോസ് പിന്‍പട്ടത്തി(25)നെ കേരള ഗ്രാമീണ്‍ ബാങ്ക് ഉദിനൂര്‍ ശാഖയില്‍ തെളിവെടുപ്പിന് കൊണ്ടുവന്നു. തിങ്കളാഴ്ച വൈകിട്ട് ചന്തേര എസ്.ഐ. ടി.പി.ശശിധരന്റെ നേതൃത്വത്തിലാണ് തെളിവെടുത്തത്.
ജൂണ്‍ മാസത്തില്‍ ബദിയടുക്ക കനറാ ബാങ്കില്‍നിന്ന് ഒന്നര ലക്ഷം രൂപ മോഷണംപോയ കേസില്‍ കാസര്‍കോട് സി.ഐ. എടുത്ത കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. ബാങ്കുകളുടെ എ.ടി.എം. കൗണ്ടറുകള്‍ സര്‍വീസ് ചെയ്യുന്ന കമ്പനിയുടെ എന്‍ജിനീയറായ പ്രതിയെ ചോദ്യംചെയ്തപ്പോഴാണ് കാഞ്ഞങ്ങാട് എസ്.ബി.ടി എ.ടി.എമ്മില്‍നിന്ന് രണ്ടുലക്ഷം രൂപയും കേരള ഗ്രാമീണ്‍ ബാങ്ക ഉദിനൂര്‍ ശാഖയില്‍നിന്ന് അരലക്ഷം രുപയും കവര്‍ന്നത് പ്രതി സമ്മതിച്ചത്.
മാര്‍്ച്ച് നാലിനാണ് ഉദിനൂര്‍ ശാഖയില്‍നിന്ന് അരലക്ഷം രൂപ നഷ്ടപ്പെട്ടത്. ഇവിടെ എ.ടി.എം. കൗണ്ടര്‍ സര്‍വീസ് ചെയ്യാന്‍ ആദ്യം ഫിബ്രവരി രണ്ടിനും പിന്നീട് നാലിനും ഇയാള്‍ ഇവിടെ എത്തിയിരുന്നു. തകരാര്‍ പരിഹരിച്ച് പോയെങ്കിലും മാര്‍ച്ച് നാലിനാണ് നേരത്തേ ലഭിച്ച പാസ് വേര്‍ഡ് ഉപയോഗിച്ച് പണം കവര്‍ന്നത്. പണം നഷ്ടപ്പെട്ട വിവരം ബാങ്ക് അധികൃതര്‍ അറിഞ്ഞിരുന്നെങ്കിലും കോര്‍ ബാങ്കിങ്ങില്‍ വന്ന തകരാറായിരിക്കുമെന്നായിരുന്നു കരുതിയിരുന്നത്. പ്രതിയുടെ കുറ്റസമ്മതത്തോടെയാണ് കവര്‍ച്ചയുടെ ചുരുളഴിഞ്ഞത്.

More Citizen News - Kasargod