മൂന്നുകോടി ചെലവാക്കിയിട്ടും വെള്ളം കിട്ടാതെ 10 കുടുംബം

Posted on: 08 Sep 2015പടന്ന: പഞ്ചായത്തില്‍ മൂന്നുകോടി രൂപയുടെ കുടിവെള്ള വിപ്ലവം നടത്തിയിട്ടും നാട്ടുകാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. പടന്ന പഞ്ചായത്തില്‍ എടച്ചാക്കൈ പാലത്തിനും യതീംഖാനയ്ക്കും ഇടയില്‍ റോഡിന് തെക്കുഭാഗത്തെ പത്തോളം കുടുംബങ്ങളാണ് ദാഹജലത്തിനായി പരക്കം പായുന്നത്.
ഉദിനൂരിലുള്ള കുടിവെള്ള പദ്ധതിയില്‍നിന്ന് മാച്ചിക്കാട് ടാങ്കില്‍ വെള്ളം സംഭരിച്ച് ബളാല്‍, കൊക്കാല്‍ വഴിയാണ് ഇവര്‍ക്ക് വെള്ളമെത്തുന്നത്. ഉദിനൂരില്‍നിന്ന് വരുന്ന പൈപ്പ്‌ലൈനില്‍ അവസാന ഭാഗത്തായതിനാല്‍ കിലോമീറ്ററുകള്‍ താണ്ടിയുള്ള യാത്രയ്‌ക്കൊടുവില്‍ തുള്ളിയായാണ് ഇവര്‍ക്ക് വെള്ളം കിട്ടുന്നത്. ഈ പദ്ധതി ആരംഭിച്ച ആദ്യഘട്ടത്തില്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ഒരുമാസമായി കുടിവെള്ളവിതരണം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. വല്ലപ്പോഴും തുള്ളികളായി ഇറ്റിവീഴുന്ന ജലം മീറ്ററിനടുത്തുനിന്ന് വാല്‍വ് ഒഴിവാക്കി പാത്രം വെച്ച് ശേഖരിക്കുകയാണ് ഇവര്‍. ചിലര്‍ വാഹനങ്ങളില്‍ ബന്ധുവീടുകളില്‍നിന്നാണ് വെള്ളം എത്തിക്കുന്നത്.
എന്നാല്‍, ഈ പ്രദേശത്തുതന്നെ റോഡിന് വടക്കുവശം കിനാത്തില്‍നിന്നുവരുന്ന പൈപ്പ് ലൈനില്‍ ഉള്ളവര്‍ക്ക് വെള്ളത്തിന് ബുദ്ധിമുട്ടില്ല.
കാവേരി, യമുന, ബദര്‍ നഗര്‍ എന്നിങ്ങനെ മൂന്ന് ജലനിധി സംഘങ്ങളുള്ള കിനാത്തില്‍ പദ്ധതിയില്‍ ഈ വീടുകളെക്കൂടി ഉള്‍പ്പെടുത്തിയാല്‍ ഇവരുടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയും. ഇവിടെയുള്ള നീര്‍ച്ചാല്‍ വഴി റോഡിന് മറുവശമുള്ള പൈപ്പ് ലൈനിനെ എളുപ്പത്തില്‍ ബന്ധിപ്പിക്കുന്നതിനും പ്രയാസമില്ല. ഇതിനായി പഞ്ചായത്തംഗം അടക്കമുള്ളവരെ സമീപിച്ചെങ്കിലും ജലനിധി സംഘങ്ങളാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത് എന്ന് പറഞ്ഞ് ഇവര്‍ ഒഴിയുകയാണ്.

More Citizen News - Kasargod