ഫീല്‍ഡ് മാര്‍ക്കര്‍ ഒഴിവുകള്‍ 250, അപേക്ഷകര്‍ 4500

Posted on: 08 Sep 2015പ്ലൂന്റേഷന്‍ കോര്‍പ്പറേഷന്‍


പെരിയ: പ്ലൂന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴില്‍ ഫീല്‍ഡ്വര്‍ക്കര്‍ നിയമനത്തിന് എത്തിയത് 4500-ലേറെ അപേക്ഷകര്‍. കാസര്‍കോട്, രാജപുരം, ചീമേനി എസ്റ്റേറ്റുകളിലായി 250-ഓളം വരുന്ന ഒഴിവുകളിലേക്കാണ് ഇത്രയും അപേക്ഷകര്‍ എത്തിയത്.
പെരിയ ഡിവിഷന്‍ ഓഫീസില്‍വെച്ചാണ് നാലുദിവസങ്ങളിലായി കൂടിക്കാഴ്ച നടന്നത്. വലിയ ഒരുക്കങ്ങളാണ് പി.സി.കെ. കൂടിക്കാഴ്ചയ്ക്കായി ഒരുക്കിയിരുന്നത്. അളവ്, തൂക്കങ്ങള്‍ രേഖപ്പെടുത്തിയശേഷം ശാരീരികക്ഷമത പരിശോധനയ്ക്കായി 50 മീറ്റര്‍ ഓട്ടവും ഏര്‍പ്പെടുത്തിയിരുന്നു.
പ്ലൂന്റേഷന്‍ കോര്‍പ്പറേഷന്‍ നേരിട്ടും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തരവും അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. അഞ്ചുവര്‍ഷം മുമ്പാണ് അവസാനമായി ഫീല്‍ഡ് വര്‍ക്കര്‍ തസ്തികകളില്‍ നിയമനം നടന്നത്. പി.സി.കെ.യുടെ കാലടി, കൊടുമണ്‍ ഗ്രൂപ്പുകളില്‍ ഇതിനകം 1200 പേരെ നിയമിച്ചുകഴിഞ്ഞതായി പേഴ്‌സണല്‍ മാനേജര്‍ പി.എം.രഘു പറഞ്ഞു. ഇവിടെ റബ്ബര്‍ ടാപ്പിങ് മേഖലയിലാണ് നിയമനം നടത്തിയത്.
കാസര്‍കോട് എസ്റ്റേറ്റിലെ നിയമനങ്ങളില്‍ 25 ശതമാനം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബങ്ങളില്‍പ്പെട്ട അപേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്. അഞ്ച് കൗണ്ടറുകളിലായി നടന്ന കൂടിക്കാഴ്ചയ്ക്ക് ഒരു ഗവ. പ്രതിനിധിയും ഡയറക്ടര്‍മാരും ഉള്‍പ്പെട്ട സമിതിയാണ് നേതൃത്വം നല്‍കിയത്. കൂടിക്കാഴ്ച ചൊവ്വാഴ്ച സമാപിക്കും.

More Citizen News - Kasargod