ആര്‍.എസ്.എസ്. അക്രമം തുടര്‍ന്നാല്‍ പ്രതിരോധനിര തീര്‍ക്കും -കോടിയേരി ബാലകൃഷ്ണന്‍

Posted on: 08 Sep 2015രാജപുരം: ആര്‍.എസ്.എസ്. അക്രമം തുടര്‍ന്നാല്‍ ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കാലിച്ചാനടുക്കം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാലിച്ചാനടുക്കത്ത് നടത്തിയ രാഷ്ട്രീയവിശദീകരണയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രഭരണത്തണലില്‍ കേരള സര്‍ക്കാറിന്റെ സഹായത്തോടെ സി.പി.എമ്മിനെതിരെ ആക്രമണം അഴിച്ചുവിടുകയാണ് ബി.ജെ.പി. കേന്ദ്രഭരണവും കൊടുവാളും ബോംബുകളും കയ്യിലുണ്ടെങ്കില്‍ സി.പി.എമ്മിനെ തകര്‍ക്കാമെന്നുള്ളത് വ്യാമോഹം മാത്രമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണംനല്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ശ്രീരാമനെ ഏറ്റെടുത്ത ആര്‍.എസ്.എസ്. ഇപ്പോള്‍ ശ്രീകൃഷ്ണനെയും ഏറ്റെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ശ്രീനാരായണ ഗുരുവിനെ നവോത്ഥാന നായകനായിട്ടാണ് സി.പി.എം. കാണുന്നതെന്നും വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ദോഷംവരുന്ന ഒരു പ്രവര്‍ത്തനവും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം തളിപ്പറമ്പിലുണ്ടായ സംഭവത്തില്‍ ജാഗ്രതക്കുറവുണ്ടായതായും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും കോടിയേരി കൂട്ടിചേര്‍ത്തു. യോഗത്തില്‍ പനത്തടി ഏരിയ സെക്രട്ടറി എം.വി.കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പി.കരുണാകരന്‍ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍, എം.രാജഗോപാല്‍, ടി.കോരന്‍, കെ.വി.ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മറ്റുപാര്‍ട്ടികളില്‍നിന്ന് സി.പി.എമ്മിലെത്തിയ പ്രവര്‍ത്തകര്‍ക്ക് സ്വീകരണംനല്കി.

More Citizen News - Kasargod