നീലേശ്വരം താലൂക്ക് ആസ്​പത്രിയില്‍ കുടിവെള്ളം കിട്ടാനില്ല

Posted on: 08 Sep 2015നീലേശ്വരം: ആസ്​പത്രിയില്‍ വെള്ളമില്ല. നീലേശ്വരം സര്‍ക്കാര്‍ താലൂക്ക് ആസ്​പത്രിയിലെ രോഗികളും ജീവനക്കാരുമാണ് ഇതോടെ ദുരിതത്തിലായത്. വെള്ളം കിട്ടാക്കനിയായതോടെ ആസ്​പത്രിയും പരിസരവും ദുര്‍ഗന്ധത്തിലാവുകയുംചെയ്തു. വെള്ളമില്ലാത്തതിനാല്‍ രോഗികള്‍ സ്വയം ആസ്​പത്രിവിടുകയാണ്.
താലൂക്ക് ആസ്​പത്രിയിലെ കിണറില്‍നിന്നുള്ള വെള്ളമാണ് പൊതുവെ രോഗികളും ജീവനക്കാരും ഉപയോഗിക്കുന്നത്ത്. ഉറവയില്ലാത്ത കിണറില്‍ മഴവെള്ളമാണ് ഏകആശ്രയം. മഴകുറഞ്ഞതോടെ കിണറ്റിലെ വെള്ളംവറ്റി പമ്പുചെയ്യാന്‍കഴിയാത്ത സഹചര്യമുണ്ടായി.
വാട്ടര്‍ അതോറിറ്റിയുടെ വലിയൊരു ടാങ്ക് ആസ്​പത്രിയിലുണ്ട്. ആസ്​പത്രിക്ക് പുറമെ പൂവാലംകൈ, വട്ടപ്പൊയില്‍, ചക്ലൂയ കോളനി എന്നീ പ്രദേശങ്ങളിലേക്കും ഈ ടാങ്കില്‍നിന്നാണ് വെള്ളം ലഭിക്കുന്നത്. എന്നാല്‍, കഴിഞ്ഞ ഒരുമാസത്തോളമായി ടാങ്കിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പ് നീലേശ്വരം പഴയ റെയില്‍വേഗേറ്റ് പരിസരത്തുവെച്ച് പൊട്ടിയിരിക്കുകയാണ്. കുടിവെള്ളത്തിന്റെ നല്ലൊരുഭാഗം പൊട്ടിയ പൈപ്പുവഴി പുറത്തേക്ക് പോകുന്നതിനാല്‍ ആസ്​പത്രിയിലെ ടാങ്കിലേക്ക് എത്തുന്നവെള്ളം വളരെ കുറവാണ്.
റെയില്‍വേ ലൈനിനടുത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റപ്പണിക്ക് റെയില്‍വേയുടെ അനുമതി ആവശ്യമാണ്. പൈപ്പ്‌ലൈന്‍ മേല്പാലത്തിന് മുകളിലൂടെ കടന്നുപോകുവാന്‍ റെയില്‍വേ അധികാരികളുടെ അനുമതിയുംകാത്താണ് വാട്ടര്‍ അതോറിറ്റി ദിനങ്ങള്‍ കഴിച്ചുകൂട്ടുന്നത്. മാത്രമല്ല, പകല്‍സമയങ്ങളില്‍ പമ്പിങ് നടത്തുമ്പോള്‍ വെള്ളം ശക്തിയായി പുറത്തേക്ക് ഒഴുകുന്നത് ജനങ്ങള്‍ക്കും ദുരിതമാകുന്നു.
രാത്രികാലങ്ങളിലാണ് ഇപ്പോള്‍ വെള്ളം പമ്പുചെയ്യുന്നതെങ്കിലും ആസ്​പത്രിയിലേക്ക് പരിമിതമായാണ് ലഭിക്കുന്നത്. ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച രോഗികള്‍ക്കും ആറ് ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്ന ജീവനക്കാര്‍ക്കും വെള്ളം കിട്ടാക്കനിയാണ്. നഗരസഭയുടെ കീഴിലാണ് താലൂക്ക് ആസ്​പത്രി പ്രവര്‍ത്തിക്കുന്നത്. വെള്ളമില്ലാത്ത പ്രശ്‌നം അറിഞ്ഞിട്ടും നഗരസഭ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പരാതിയുണ്ട്.
വെള്ളമില്ലാത്തതിനാല്‍ ഡോക്ടര്‍മാരും ജീവനക്കാരും അനുഭവിക്കുന്ന ദുരിതം ഏറെയാണ്. സമീപപ്രദേശത്തെ വീട്ടുകിണറുകളില്‍നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് രോഗികളും മറ്റും പ്രാഥമികകാര്യങ്ങള്‍ ചെയ്തുവരുന്നത്.

More Citizen News - Kasargod