വിജയങ്ങള്‍തേടി പുത്തന്‍ ചുരുളന്‍വള്ളവുമായി പൊടോത്തുരുത്തിക്കാര്‍

Posted on: 08 Sep 2015നീലേശ്വരം: ജലരാജ പട്ടം നേടിയ ആവേശത്തില്‍ പുതിയ പോരാട്ടങ്ങള്‍ക്കായി നീലേശ്വരം പൊടോത്തുരുത്തി എ.കെ.ജി. സ്മാരക കലാവേദി ലക്ഷങ്ങള്‍ ചെലവഴിച്ച് പുത്തന്‍ ചുരുളന്‍വള്ളം നീറ്റിലിറക്കി. പഴയങ്ങാടി പുഴയില്‍ കഴിഞ്ഞ ദിവസം നടന്ന ഉത്തരമലബാര്‍ ജലോത്സവത്തില്‍ 25, 15 ആള്‍ വീതം തുഴയും വെള്ളംകളി മത്സരത്തില്‍ ഇരട്ടക്കിരീടം നേടിയ ആവേശവുമായാണ് പൊടോത്തുരുത്തിക്കാര്‍ ഇനി മത്സരവേദികളില്‍ എത്തുക.
കഴിഞ്ഞവര്‍ഷം കാര്യങ്കോട്ട് നടന്ന ഉത്തരമലബാര്‍ ജലോത്സവത്തിലും പയ്യന്നൂര്‍, കാവുംചിറ ജലോത്സവത്തിലും 25 ആള്‍ തുഴയും മത്സര ജലരാജാക്കന്മാരായിരുന്നു പൊടോത്തുരുത്തി ടീം. ആലപ്പുഴയില്‍നിന്ന് ചുരുളന്‍ വള്ള നിര്‍മാണത്തില്‍ വൈദഗ്ധ്യം തെളിയിച്ച മികച്ച ജോലിക്കാരെ പൊടോത്തുരുത്തിയില്‍ കൊണ്ടുവന്ന് മാസങ്ങളോളം നീണ്ട പരിശ്രമത്തില്‍ നിര്‍മിച്ച ചുരുളന്‍ വള്ളങ്ങളാണ് ഉപയോഗിക്കുന്നത്. പത്ത് ലക്ഷത്തോളം രൂപ ചെലവിലായിരുന്നു അന്ന് വള്ളം നിര്‍മിച്ചത്. കലാവേദി അംഗങ്ങളില്‍നിന്നും പരിചയക്കാരില്‍നിന്നും മറ്റുമായി സ്വരൂപിച്ച തുക ചെലവഴിച്ച് വള്ളം നിര്‍മിച്ചപ്പോള്‍ പലര്‍ക്കും ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍, എ.കെ.ജി.യുടെ അമരക്കാരന്‍ ബാലകൃഷ്ണന്റെ ശിക്ഷണത്തില്‍ ദിവസങ്ങള്‍ നീണ്ട പരിശീലനവും ടീം അംഗങ്ങളുടെ കൂട്ടായ്മയും കൈക്കരുത്തും കൈമുതലായി.
ചുരുളന്‍ വള്ളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവിയാണ് നീറ്റിലിറക്കിയത്. ആഞ്ഞിലി മരത്തില്‍ തയ്യാറാക്കിയ ചുരുളന്‍വള്ളത്തില്‍ ഇപ്പോള്‍ പൊടോത്തുരുത്തി ടീം തീവ്രപരിശീലനത്തിലാണ്. കാര്യങ്കോട് പുഴയില്‍ സായാഹ്നങ്ങളില്‍ നടന്നുവരുന്ന ടീമിന്റെ പരിശീലനം കാണാന്‍ ആളുകള്‍ എത്തുന്നുണ്ട്. നാട്ടുകാരുടെ സഹായവും ഇവര്‍ക്ക് തുണയാകുന്നു.

More Citizen News - Kasargod