മിനുട്‌സ് തിരുത്തല്‍: നഗരസഭാ ജീവനക്കാരുടെ കൈയക്ഷരം ഫൊറന്‍സിക് പരിശോധനക്കയച്ചു

Posted on: 08 Sep 2015കാഞ്ഞങ്ങാട്: അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് സ്ഥലമെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട് മൂന്ന് നഗരസഭാ ഉദ്യോഗസ്ഥരുടെ കൈയക്ഷരം ഫൊറന്‍സിക് പരിശോധനക്കയച്ചു. കേസില്‍ അന്വേഷണംനടത്തുന്ന കാസര്‍കോട് വിജിലന്‍സ് യൂണിറ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൈയക്ഷരം ശേഖരിച്ചത്. തിരുവനന്തപുരം ഫൊറന്‍സിക് ലബോറട്ടറിയിലാണ് കൈയക്ഷരം പരിശോധിക്കുക.
അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡിന് ഏറ്റെടുത്ത സ്ഥലം സ്വകാര്യവ്യക്തികള്‍ക്ക് പിടിച്ചെടുക്കാന്‍ പാകത്തില്‍ നഗരസഭാ യോഗത്തിന്റെ മിനുട്‌സ് തിരുത്തിയതുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. കൗണ്‍സില്‍ തീരുമാനിക്കാത്ത കാര്യം മിനുട്‌സില്‍ കൂട്ടിച്ചേര്‍ത്ത് തിരുത്തല്‍ വരുത്തിയതിനാണ് കേസ്.
കൈയക്ഷരം ആരുടേതെന്ന് തിരിച്ചറിയുന്നതോടെ ഭൂമികൈയേറ്റം സംബന്ധിച്ച അന്വേഷണം വഴിത്തിരിവിലെത്തുമെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. 2005-ലെ ഭരണസമിതി കാലഘട്ടത്തിലാണ് തിരുത്തല്‍ നടന്നത്. ഇതുസംബന്ധിച്ച് നിലവിലുള്ള ഭരണസമിതി യോഗത്തില്‍ ഒട്ടേറെ വാദപ്രതിവാദങ്ങളും ബഹളവും നടന്നിരുന്നു. സി.പി.എമ്മിലെ കൗണ്‍സിലര്‍ കെ. രവീന്ദ്രന്‍ ഹൈക്കോടതിയില്‍ നല്കിയ കേസിനെത്തുടര്‍ന്നാണ് ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവുണ്ടായത്.

More Citizen News - Kasargod