എന്‍ജിനീയര്‍മാരെ നിയമിക്കണം -ജില്ലാ വികസനസമിതി

Posted on: 08 Sep 2015കാസര്‍കോട്: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അസി. എന്‍ജിനീയര്‍മാരുടെയും അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരുടെയും ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്ന് ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടു. കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അധ്യക്ഷതവഹിച്ചു. എം.എല്‍.എ.മാരായ പി.ബി.അബ്ദുള്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍ (ഉദുമ), ജില്ലാ പഞ്ചയാത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി, നീലേശ്വരം നഗസഭാ ചെയര്‍പേഴ്‌സണ്‍ വി.ഗൗരി, കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോെറാടി, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി എ.ജി.സി.ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ടി.വി. ഗോവിന്ദന്‍, എ.ഡി.എം. എച്ച്.ദിനേശന്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ അരവിന്ദാക്ഷന്‍, വിവിധ വകുപ്പുകളിലെ ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കാസര്‍കോട് വികസനപാക്കേജിലെ നിര്‍വഹണത്തിനായി അസി.എന്‍ജിനീയര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത് മറ്റ് പദ്ധതികളുടെ നിര്‍വഹണത്തിനും ബാധകമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ദേശീയപാതയിലെയും പൊതുമരാമത്ത് റോഡുകളിലെയും കുഴികള്‍ നികത്തുന്നതിന് അടിയന്തരനടപടി സ്വീകരിക്കണം. ദേശീയ പാതയിലെയും സംസ്ഥാനപാതകളിലെയും അടഞ്ഞുകിടക്കുന്ന ഓടകള്‍ വൃത്തിയാക്കണം. സ്വകാര്യവ്യക്തികള്‍ ഓടകള്‍ തടസ്സപ്പെടുത്തി റോഡുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കില്‍ അത് നീക്കംചെയ്യണമെന്ന് കളക്ടര്‍ പറഞ്ഞു.
പൊതുമരാമത്ത് റോഡുകളില്‍ അനധികൃതമായും അശാസ്ത്രീയമായും 97 ഹമ്പുകളും എട്ട് ഡിവൈഡറുകളും ഉണ്ടെന്നും ഇവ നാട്ടുകാര്‍ നിര്‍മിച്ചവയാണെന്നും പൊതുമരാമത്ത് വകുപ്പ് നിരത്ത്വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇവയില്‍ ആവശ്യമായവ ശാസ്ത്രീയമായി പുനര്‍നിര്‍മിക്കുന്നതിനും അനാവശ്യമായവ നീക്കംചെയ്യുന്നതിനും 73,45,000 രൂപയ്ക്കുള്ള എസ്റ്റിമേറ്റ് അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിലും ആരോഗ്യവകുപ്പിലും നിയമനം നടത്താവുന്ന മുഴുവന്‍ ഒഴിവുകളും പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. വൃക്കരോഗികള്‍, അര്‍ബുദരോഗികള്‍ തുടങ്ങിയവരുടെ വരുമാനപരിധി കണക്കാക്കാതെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവുപ്രകാരം ബി.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.
ആര്‍.എം.എസ്.എ. വിദ്യാലയങ്ങളുടെ അധ്യാപകരുടെ പ്രശ്‌നം പരിഹരിക്കണം. കെ.ഇ.ആര്‍. അനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി അധ്യാപകരെ നിയമിച്ച് ശമ്പളം നല്‍കണമെന്നും ആര്‍.എം.എസ്.എ. ഫണ്ട് ട്രഷറിയില്‍ അടയ്ക്കുന്നതിന് സംവിധാനമൊരുക്കണമെന്നും നിര്‍ദേശം ഉയര്‍ന്നു.

More Citizen News - Kasargod