അധികൃതര്‍ക്ക് അനക്കമില്ല; മയ്യിച്ചയില്‍ വീണ്ടും അപകടം

Posted on: 07 Sep 2015ചെറുവത്തൂര്‍: ദേശീയപാതയില്‍ മയ്യിച്ചയില്‍ അപകടം ആവര്‍ത്തിക്കുന്നു. സ്ഥലത്ത് സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തുമെന്ന ഉറപ്പ് പാലിക്കാതെ അധികൃതര്‍ നിസ്സംഗരായിരിക്കുന്നു. ശനിയാഴ്ച രാത്രി റോഡരികിലെ വൈദ്യുതത്തൂണ്‍ ഇടിച്ചുതകര്‍ത്ത ജീപ്പ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ജീപ്പില്‍ ഡ്രൈവര്‍ മാത്രമായിരുന്നു. ഇയാള്‍ സീറ്റ്‌ബെല്‍റ്റിട്ടിരുന്നതിനാല്‍ രക്ഷപ്പെട്ടു.
മുന്‍ അനുഭവമുള്ളതിനാല്‍ നാട്ടുകാര്‍ വൈദ്യുതക്കമ്പിക്കരികിലേക്ക് ഉടന്‍ പോയില്ല. ചന്തേരയില്‍നിന്ന് പോലീസെത്തിയാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചത്.
രാത്രി 10 മണിയോടെയായിരുന്നു അപകടം. അപകടത്തെത്തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. മൂന്നുമാസത്തിനിടയില്‍ മയ്യിച്ചയിലുണ്ടായ അപകടങ്ങള്‍ക്ക് കണക്കില്ല.
ഓരോ അപകടം നടക്കുമ്പോഴും അധികൃതരെത്തി മയ്യിച്ചയില്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിക്കുന്നതല്ലാതെ നടപ്പാക്കുന്നില്ല. അധികൃതരുടെ നിസ്സംഗതയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 21-ന് നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചതാണ്. അന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ജില്ലയിലെത്തുന്നതിനാല്‍ റവന്യൂ-പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ അഭ്യര്‍ഥന മാനിച്ചാണ് നാട്ടുകാര്‍ സമരത്തില്‍നിന്ന് പിന്നാക്കം പോയത്.

More Citizen News - Kasargod