പൊതുവിതരണവകുപ്പില്‍ വന്‍ ക്രമക്കേടെന്ന് വിജിലിന്‍സ് റിപ്പോര്‍ട്ട്‌

Posted on: 07 Sep 2015കോട്ടച്ചേരി സഹകരണസംഘം


കാസര്‍കോട്:
ഇല്ലാത്ത സഹകരണസംഘത്തിന്റെപേരില്‍ 14 റേഷന്‍കടകള്‍ പ്രവര്‍ത്തിച്ചതിലൂടെ പൊതുവിതരണവകുപ്പില്‍ വന്‍ക്രമക്കേടാണ് നടന്നതെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്.
ഉത്തരമലബാറില്‍ ഏറ്റവുംപഴയതും വര്‍ഷങ്ങളായി പ്രവര്‍ത്തനം നിലച്ചിരുന്നതുമായ കോട്ടച്ചേരി വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സ്റ്റോഴ്‌സിന്റെ (കെ.സി.സി.ഡബ്ല്യു.) പേരിലാണ് വെട്ടിപ്പ് നടന്നത്. ഇതുസംബന്ധിച്ച 'മാതൃഭൂമി' വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്.
സംഭവത്തില്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ് സി.ഐ. ഡോ. വി.ബാലകൃഷ്ണനാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കിയിരിക്കുന്നത്.
വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ടില്‍ പഴയ ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍, റജിസ്ട്രാര്‍ ഓഫീസിലെ ഇന്‍സ്‌പെകടര്‍മാര്‍ എന്നിവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശയുണ്ട്. ഇതിനുപുറമെ സൊസൈറ്റിയുടെ പേരിലുള്ള പണം റേഷന്‍ സെയില്‍സ്മാന്‍മാര്‍ക്ക് നേരിട്ടുനല്കിയത് തിരിച്ചുപിടിക്കണമെന്നും സമഗ്രമായ വിജിലന്‍സ് അന്വേഷണം ഉടന്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2013-ല്‍ ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നെങ്കിലും സമിതി ചേര്‍ന്നിരുന്നില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. സംഘത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നിരുന്ന കമ്മീഷന്‍ എടുക്കാന്‍കഴിയാത്ത അവസ്ഥയിലായരുന്നു ഭരണസമിതി. ഇതേത്തുടര്‍ന്ന് സംഘംസെക്രട്ടറി കമ്മീഷന്‍തുക നേരിട്ട് സെയില്‍സ്മാന്‍മാരുടെ അക്കൗണ്ടിലേക്ക് നല്കണമെന്ന് ആവശ്യപ്പെട്ടത് പൊതുവിതരണവകുപ്പ് ഉദ്യോഗസ്ഥര്‍ ക്രമവിരുദ്ധമായി ചെയ്തുകൊടുക്കുകയായിരുന്നു. സംഘം പിരിച്ചുവിട്ട് ബദല്‍മാര്‍ഗങ്ങള്‍ ആരായുകയായിരുന്നു ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടിയിരുന്നതെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ജൂണ്‍ 29-നാണ് ജില്ലയിലെ പൊതുവിതരണവകുപ്പില്‍ വന്‍ക്രമക്കേട് നടക്കുന്നതായി 'മാതൃഭൂമി' വാര്‍ത്ത നല്കിയത്. കെ.സി.സി.ഡബ്ല്യു.എസ്. വര്‍ഷങ്ങള്‍ക്കുമുമ്പേ കടബാധ്യത തീര്‍ക്കാനായി സ്വത്തുകളടക്കം വിറ്റ് സംഘം പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. എന്നാല്‍, ഇതേ സംഘത്തിന് കീഴിലെന്ന പേരില്‍ ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസ് പരിധിയില്‍ ഇപ്പോഴും 14 റേഷന്‍കടകളാണ് പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തയെത്തുടര്‍ന്ന് കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സഹകരണസംഘം അസി. റജിസ്ട്രാറോട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും മാസം രണ്ട് കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് വെളിച്ചംകണ്ടിട്ടില്ല. ഇതിനിടെ സംഘത്തിന് അഡ്മിനിസ്‌ട്രേറ്ററെ നിയോഗിച്ച് സഹകരണസംഘം അസി. റജിസ്ട്രാര്‍ ഉത്തരവിറക്കി.
2015 ജൂണ്‍ എട്ടിന് സംഘം പ്രവര്‍ത്തിക്കുന്നില്ലെന്നും സംഘത്തിന് നിലവില്‍ ഓഫീസും ഭരണസമിതിയുമില്ലെന്നും സഹകരണസംഘം ഹൊസ്ദുര്‍ഗ് അസി. റജിസ്ട്രാര്‍ ജനറല്‍ ഓഫീസ് വിവരാവകാശനിയമപ്രകാരം സാക്ഷ്യപ്പെടുത്തിയിരുന്നു. സംഘത്തിന്റെ ഓഡിറ്റ് അവസാനമായി നടന്നത് 2009 ആഗസ്ത് 31-ന് ആണെന്നും 1999-2000 വര്‍ഷത്തെ കണക്കുകളാണിതെന്നും വിവരാവകാശരേഖയില്‍ സഹകരണവകുപ്പ് മറുപടി നല്കി. സിവില്‍ സപ്ലൈസ് വകുപ്പില്‍നിന്ന് കമ്മീഷന്‍വകയില്‍ ലഭിക്കാറുള്ള പണം അവസാനമായി വാങ്ങിയ തീയതി, ആരാണ് ഒപ്പുവെച്ചത് എന്നതറിയിക്കാന്‍ നിര്‍വാഹമില്ലെന്നും വകുപ്പ് മറുപടി നല്കിയിരുന്നു. ഇതിനുകാരണമായി ചൂണ്ടിക്കാണിച്ചത് സംഘം പ്രവര്‍ത്തിക്കുന്നില്ല, റെക്കോഡുകള്‍ ലഭ്യമല്ല, സംഘം സെക്രട്ടറിക്ക് അയച്ച കത്ത് സ്വീകരിക്കാന്‍ ആളില്ലാത്തതിനാല്‍ മടങ്ങിവന്നു എന്നിവയാണ്.
എന്നാല്‍, ക്രമക്കേട് പുറത്തുവന്നതോടെ വിവരാവകാശം തിരുത്തി. 2015 ജൂലായ് 17-ന് നല്കിയ പുതിയ മറുപടിപ്രകാരം 'കോട്ടച്ചേരി കണ്‍സ്യൂമേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം ക്ലിപ്തം നമ്പര്‍ സി.453 (കെ.സി.സി.ഡബ്ല്യു.എസ്.) പ്രവര്‍ത്തനം കേരള സഹകരണ നിയമമനുസരിച്ച് നാളിതുവരെ നിര്‍ത്തിവെച്ചിട്ടില്ല' എന്നാണ്.

More Citizen News - Kasargod