നൂറ്റൊന്ന് തൈരുകുടം ഉടച്ച് ജന്മാഷ്ടമിക്ക് സമാപനം

Posted on: 07 Sep 2015കാഞ്ഞങ്ങാട്: ദ്വാപരയുഗകാലത്തെ ആനന്ദോത്സവത്തെ അനുസ്മരിച്ചും നാടിനെ ആഹ്ലാദമുഹൂര്‍ത്തങ്ങളിലെത്തിച്ചും ശ്രീകൃഷ്ണഭക്തര്‍ കാഞ്ഞങ്ങാട്ട് തൈരുകുടം ഉടച്ചു. ജന്മാഷ്ടമിയാഘോഷത്തിന്റെ സമാപനം കൂടിയാണ് കാഞ്ഞങ്ങാട്ടെ തൈരുകുടം ഉടയ്ക്കല്‍.
പട്ടണത്തില്‍ അങ്ങിങ്ങോളം ഉയരത്തില്‍ കെട്ടിയ 101 തൈരുകുടമാണ് കൃഷ്ണഗീതത്തിന്റെയും മേളപ്പെരുക്കത്തിന്റെയും മുഴക്കത്തിനിടെ അടിച്ചുടച്ചത്. ഹൊസ്ദുര്‍ഗ് മാരിയമ്മന്‍ ക്ഷേത്രം മുതല്‍ പി.സ്മാരകമന്ദിരം വരെയുള്ള റോഡിലാണ് തൈരുകുടങ്ങള്‍ കെട്ടിത്തൂക്കിയിരുന്നത്. വട്ടത്തില്‍ ചേര്‍ന്ന് മേല്‍ക്കുമേല്‍ കയറി മൂന്നും നാലും ആള്‍പ്പൊക്കത്തിലെത്തി തൈരുകുടം ഉടച്ചപ്പോള്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ !'ഹരേകൃഷ്ണ' മുഴക്കി. പുതിയകോട്ട ആല്‍ത്തറ ചുറ്റിയെത്തിയ ഘോഷയാത്ര ഒന്നിനുപിറകെ ഒന്നായി തൈരുകുടം പൊട്ടിച്ച് കാഞ്ഞങ്ങാട് ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിച്ചു. ശ്രീകൃഷ്ണക്ഷേത്രം ഭാരവാഹികളായ എച്ച്.ശാന്താറാം, എച്ച്.ആര്‍.ശ്രീധരന്‍, ശങ്കര ഹെഗ്‌ഡെ, ഭാസ്‌കര, എച്ച്.എല്‍.അജിത്ത്കുമാര്‍, പ്രവീണ്‍കുമാര്‍, വിഘ്‌നേശ്, അരവിന്ദന്‍, രാഹുല്‍, വിവേക്, ധനുഷ്, ചേതന്‍കുമാര്‍, രഞ്ജിത്ത്കുമാര്‍, വിജയകുമാര്‍, ബി.ജെ.അജിത്ത്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.

More Citizen News - Kasargod