ഫോണില്‍ സംസാരിക്കവെ വീട്ടമ്മ കിണറ്റില്‍വീണു; രക്ഷിക്കാനിറങ്ങിയവര്‍ കുടുങ്ങി

Posted on: 07 Sep 2015കാസര്‍കോട്: കിണറിന്റെ ആള്‍മറയിലിരുന്ന് ഫോണില്‍ സംസാരിക്കുന്നതിനിടെ കയര്‍ പൊട്ടി സ്ത്രീ കിണറ്റില്‍വീണു. ഇവരെ രക്ഷിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ കിണറിനകത്ത് കുടുങ്ങി. ഒടുവില്‍ അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു.
കുമ്പള പഞ്ചായത്തിലെ മൊഗ്രാല്‍ സ്വദേശി മുഹമ്മദിന്റെ ഭാര്യ താഹിറ(40)യാണ് കിണറില്‍ വീണത്. രക്ഷപ്പെടുത്താന്‍ ചാടിയ ബന്ധുവായ തന്‍വീര്‍, അയല്‍വാസി സുരേഷ് എന്നിവരാണ് കിണറ്റില്‍നിന്ന് കയറാനാവാതെ വിഷമിച്ചത്. ഞായറാഴ്ച രാവിലെ ഏഴരയ്ക്കായിരുന്നു സംഭവം.
മുഹമ്മദിന്റെ വീട്ടുപറമ്പിലെ കിണറിന്റെ ആള്‍മറയിലിരുന്ന് താഹിറ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. ഫോണ്‍ സംസാരത്തിനിടയില്‍ ബലത്തിനായി കിണറിന്റെ കപ്പിയിലെ കയറില്‍ പിടിച്ചിരുന്നു. ഇടയ്ക്ക് കയര്‍ പൊട്ടി താഹിറ കിണറ്റില്‍ വീഴുകയായിരുന്നു. താഹിറയെ രക്ഷിക്കാന്‍ ബന്ധുവായ തന്‍വീറും സുരേഷും 40 അടി താഴ്ചയുള്ള കിണറ്റില്‍ ഇറങ്ങി. 20 അടിയോളം വെള്ളം ഉണ്ടായിരുന്നു. കുറെനേരം പരിശ്രമിച്ചിട്ടും മൂവര്‍ക്കും കരയ്ക്ക് കയറാന്‍ സാധിച്ചില്ല. തുടര്‍ന്ന് താഹിറയുടെ ബന്ധുക്കള്‍ കാസര്‍കോട് ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. ലീഡിങ് ഫയര്‍മാന്‍ രാജീവന്റെ നേതൃത്വത്തില്‍ കാസര്‍കോട്ടുനിന്നെത്തിയ സംഘമാണ് മൂവരെയും രക്ഷിച്ചത്.

More Citizen News - Kasargod