ആര്‍.എസ്.എസ്സിന്റെ റിമോര്‍ട്ട് കണ്‍ട്രോളായി മോദി മാറുന്നു -കാനം

Posted on: 07 Sep 2015കാസര്‍കോട്: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ആര്‍.എസ്.എസ്സിന്റെ റിമോര്‍ട്ട് കണ്‍ട്രോളായി മാറുകയാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സി.പി.ഐ. മേഖലാ ജനറല്‍ബോഡി യോഗങ്ങളില്‍ കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും സംഘപരിവാര്‍നേതാക്കളോട് വിശദീകരിക്കുന്നത് ഭരണഘടനാലംഘനമാണ്. ബി.ജെ.പി. യോഗങ്ങളിലാണ് സര്‍ക്കാര്‍ പരിപാടികള്‍ വിശദീകരിക്കേണ്ടത്. അല്ലാതെ രാഷ്ട്രീയപ്പാര്‍ട്ടിയോ ഭരണഘടനാപദവിയോ ഇല്ലാത്ത ആര്‍.എസ്.എസ്സുമായല്ല. അസഹിഷ്ണുതയുടെ രാഷ്ട്രീയം നടപ്പാക്കി ജനാധിപത്യം അട്ടിമറിച്ച് കേന്ദ്രസര്‍ക്കാര്‍ ഏകാധിപത്യത്തിലേക്കാണ് പോകുന്നത്.
ഇതോടൊപ്പം ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയപ്രവര്‍ത്തനങ്ങളെ ഒരുപോലെ എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഗീയതയും വളര്‍ത്തുന്നത് തീവ്രവാദസംഘടനകളാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് മതനിരപേക്ഷത വളര്‍ത്തിക്കൊണ്ടുവരണമെന്നും മതന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട്ട് നടന്ന മഞ്ചേശ്വരം, കാസര്‍കോട്, ബദിയടുക്ക മണ്ഡലങ്ങളിലെ അംഗങ്ങളുടെ ജനറല്‍ബോഡിയില്‍ ജില്ലാ എക്‌സിക്യൂട്ടീവംഗം ഇ.കെ.മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവംഗം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ., ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജില്ലാ അസി. സെക്രട്ടറി ബി.വി.രാജന്‍, ജില്ലാ എക്‌സിക്യൂട്ടീവംഗം സി.പി.ബാബു, മണ്ഡലം സെക്രട്ടറിമാരായ വി.രാജന്‍, എം.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod