ചുമര്‍പത്തായം ചരിത്രശേഷിപ്പാക്കി കുഞ്ഞമ്മ ഓര്‍മയായി

Posted on: 06 Sep 2015നീലേശ്വരം: നെല്ല് സൂക്ഷിക്കുന്ന പത്തായം കാണാത്തവരാരും ഉണ്ടാകില്ല. എന്നാല്‍, നെല്ല് സൂക്ഷിക്കാന്‍ ചുമരില്‍ നിര്‍മിച്ച ചുമര്‍പത്തായം അപൂര്‍വമാണ്. എട്ട് പതിറ്റാണ്ടുകള്‍ക്ക്് മുമ്പ് നിര്‍മിച്ച ചുമര്‍പത്തായം തന്റെ വീട്ടില്‍ നിധിപോലെ സൂക്ഷിച്ച കിനാനൂരിലെ പെരിംകളത്ത് കുഞ്ഞമ്മ യാത്രയായി. കുഞ്ഞമ്മയുടെ അച്ഛന്‍ കോയിക്കാല്‍ ചിരുകണ്ഠനാണ് കയ്യൂര്‍ അരയാക്കടവ് പാലത്തിന് സമീപത്തെ പെരിംകളത്ത് വീട്ടില്‍ 80 വര്‍ഷം മുമ്പ് പത്തായം നിര്‍മിച്ചത്
ഉണങ്ങിയ പ്ലാവുകൊണ്ടാണ് പത്തായം നിര്‍മിച്ചത്. പത്തയത്തിന്റെ മൂന്ന് ഭാഗവും ചുമരിലാണ്. മുകളിലും താഴെയും പലകകള്‍ നിരത്തി അതിലാണ് പത്തായം ഒരുക്കിയിരക്കുന്നത്. പത്തായത്തിലേക്ക് ഇറങ്ങാന്‍ ഷട്ടര്‍ രീതിയില്‍ മരപ്പലകകള്‍ ഉണ്ട്. നെല്ല് തറയില്‍നിന്ന് പത്തായത്തിലേക്ക് കൊണ്ടിടാമെങ്കിലും പുറത്തെടുക്കണമെങ്കില്‍ അതിനകത്ത് ഇറങ്ങണം. കൂറ്റന്‍ ഇരുമ്പുചങ്ങലകൊണ്ട് പത്തായം പൂട്ടിയിടാനും സൗകര്യമുണ്ട്. ഇരുന്നൂറ് പറ നെല്ല് ചുമര്‍ പത്തായത്തില്‍ സൂക്ഷിക്കാന്‍ കഴിയും. ചുമരില്‍ത്തന്നെ സ്ഥാപിച്ചതിനാല്‍ വീട്ടിലെ സ്ഥലസൗകര്യവും പ്രശ്‌നമല്ല. കുഞ്ഞമ്മയായിരുന്നു ചുമര്‍പത്തായം പരിപാലിച്ചുവന്നത്. കൊയ്ത്തും മെതിയും അടുത്തകാലംവരെ അവര്‍തന്നെ ചെയ്ത് നെല്ല് ചുമര്‍പത്തായത്തില്‍ നിറയ്ക്കുമായിരുന്നു. പ്രായാധിക്യവും അവശതയും കാരണം കിടപ്പിലായ കുഞ്ഞമ്മ ശനിയാഴ്ച രാവിലെ അന്തരിച്ചതോടെ ചുമര്‍ പത്തായവും ചരിത്രത്തിന്റെ ഭാഗമായി. ചുമര്‍ പത്തായം ശാശ്വതമായി തറവാട്ട് ഭവനത്തില്‍ നിലനിര്‍ത്തുമെന്ന് മകന്‍ റിട്ട. കോടതി ജീവനക്കാരന്‍ പി.കെ.കുമാരന്‍ പറഞ്ഞു.

More Citizen News - Kasargod