17-ന് നിര്‍മാണത്തൊഴിലാളി മാര്‍ച്ച്‌

Posted on: 06 Sep 2015കാസര്‍കോട്: നിര്‍മാണമേഖലയിലെ തൊഴിലാളികളുടെ തൊഴില്‍സംരക്ഷണം ഉറപ്പുവരുത്തുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന ഉറപ്പുപാലിക്കണമെന്നാവശ്യപ്പെട്ട് സപ്തംബര്‍ 17-ന് കാഞ്ഞങ്ങാട് ആര്‍.ഡി.ഒ. ഓഫീസിനുമുന്നില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കാന്‍ നിര്‍മാണത്തൊഴിലാളി യൂണിയന്‍ സംയുക്തസമരസമിതി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
കാസര്‍കോട് ജില്ലയില്‍ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ അധീനതയിലുള്ള കടവുകളില്‍ മണല്‍വാരല്‍ നിര്‍ത്തിയിരിക്കുകയാണ്. ചെങ്കല്‍മേഖലയിലെ തൊഴിലാളികള്‍ക്ക് ക്വാറി ഉടമകളുടെ ഏകപക്ഷീയമായ തീരുമാനത്തെത്തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടു. ജില്ലയിലെ നിര്‍മാണമേഖല ഇതിന്റെഫലമായി സ്തംഭനത്തിലേക്കാണ് നീങ്ങുന്നത്. പ്രശ്‌നങ്ങള്‍ അടിയന്തരമായും പരിഹരിച്ച് തൊഴിലാളികളുടെ ജോലിസുരക്ഷിതത്വം ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ഇട്ടപ്പുറം കുഞ്ഞിക്കണ്ണന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന സമരസമിതി തീരുമാനങ്ങള്‍ കെ.ബാലകൃഷ്ണന്‍ വിശദീകരിച്ചു. ടി.നാരായണന്‍, ബി.രാജന്‍ (സി.ഐ.ടി.യു.), പി.യു.പദ്മനാഭന്‍ (ഐ.എന്‍.ടി.യു.സി.), എല്‍.കെ.. ഇബ്രാഹിം (എസ്.ടി.യു.) എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod