പുതിയ പോലീസ് സ്റ്റേഷന്‍ അനുവദിക്കുമ്പോള്‍ പാണത്തൂരിന് പ്രഥമ പരിഗണന -ആഭ്യന്തരമന്ത്രി

Posted on: 06 Sep 2015രാജപുരം: സംസ്ഥാനത്ത് പുതുതായി പോലീസ് സ്റ്റേഷന്‍ അനുവദിക്കുമ്പോള്‍ ആദ്യപരിഗണന പാണത്തൂരിനു നല്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിലവില്‍ റവന്യൂവകുപ്പിനു കീഴിലുള്ള 64 സെന്റ് ഭൂമി പോലീസ്വകുപ്പിനു കൈമാറിക്കിട്ടാന്‍ ആവശ്യമായ നടപടി പഞ്ചായത്ത് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകങ്ങളും തീവെപ്പും ഗുണ്ടാ ആക്രമണങ്ങളും വിവിധ കുറ്റകൃത്യങ്ങളുംകൊണ്ട് പൊറുതിമുട്ടുന്ന പാണത്തൂര്‍പ്രദേശത്തെ ജനങ്ങളുടെ ദുരിതം 'മാതൃഭൂമി' വാര്‍ത്തയാക്കിയിരുന്നു. പാണത്തൂരില്‍ കൊറത്തിപതി റാണിപുരം റോഡിന്റെയും പാലത്തിന്റെയും പ്രവൃത്തി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രി പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് സുപ്രിയ അജിത്ത് അധ്യക്ഷതവഹിച്ചു. കര്‍ണാടക കരിക്കെ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാലചന്ദ്രന്‍, പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.ജെയിംസ്, പഞ്ചായത്തംഗങ്ങളായ കെ.നാരായണന്‍, ശാരദ രാഘവന്‍, ഡി.സി.സി. പ്രസിഡന്റ് സി.കെ.ശ്രീധരന്‍, മലബാര്‍ ദേവസ്വം ബോര്‍ഡംഗം പി.കെ.ചന്ദ്രശേഖരന്‍, ഡോ. സി.സുകു, വി.സി.ദേവസ്യ, എം.ബി.ഇബ്രാഹിം, മൈക്കിള്‍ പൂവത്താനി, എം.കെ.സുരേഷ്, സുനില്‍ മാടക്കല്‍, ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍, എം.എം.കുഞ്ഞിരാമന്‍, എസ്.മധുസൂദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod