കേന്ദ്ര മെഡിക്കല്‍ കോളേജ്: സ്ഥലമായി, ഇനി വേണ്ടത് അനുമതി

Posted on: 06 Sep 2015കാസര്‍കോട്ട് പെരിയ ഗ്രാമത്തില്‍ കേന്ദ്ര മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്നത് ഉത്തര കേരളത്തിന്റെ മൊത്തം ആവശ്യമാണ്. കേന്ദ്ര സര്‍വകലാശാലയുടെ എട്ട് അക്കാദമിക് ബ്ലോക്കുകളുടെ നിര്‍മാണോദ്ഘാടനം നടക്കുന്ന ചടങ്ങില്‍ മെഡിക്കല്‍ കോളേജ് പെരിയയില്‍ത്തന്നെ സ്ഥാപിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് നടപടി സ്വീകരിക്കണമെന്ന് വൈസ് ചാന്‍സലര്‍ അഭ്യര്‍ഥിക്കുകയും ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താമെന്ന് കാസര്‍കോടിന്റെ അയല്‍ക്കാരന്‍ കൂടിയായ കേന്ദ്രമന്ത്രി സദാനന്ദഗൗഡ ഉറപ്പ് നല്‍കുകയും ചെയ്തത് ശുഭോദര്‍ക്കമാണ്. മാത്രവുമല്ല, ചടങ്ങില്‍ സംബന്ധിച്ച സംസ്ഥാന കൃഷിമന്ത്രി പ്രത്യേക താത്പര്യമെടുത്ത് മണിക്കൂറുകള്‍ക്കകം കേന്ദ്ര സര്‍വകലാശാലയ്ക്ക് അമ്പതേക്കര്‍ സ്ഥലം കൂടി അനുവദിക്കാന്‍ അന്തിമ നടപടി സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. നേരത്തെ 310 ഏക്കര്‍ ഭൂമി നല്‍കിയപ്പോള്‍ അമ്പതേക്കര്‍ കൂടി ആവശ്യപ്പെട്ടത് മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനാണ്. സംസ്ഥാന സര്‍ക്കാര്‍ ജില്ലയുടെ വടക്കേ അറ്റത്ത് എല്ലാ ജില്ലയിലും മെഡിക്കല്‍ കോളേജ് സ്ഥാപിക്കുകയെന്ന നയപരമായ തീരുമാനത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ തറക്കല്ലിട്ടിട്ടുണ്ട്. ആ മെഡിക്കല്‍ കോളേജ് വരുന്നതുകൊണ്ട് പിന്നെ കേന്ദ്ര മെഡിക്കല്‍ കോളേജിന് പ്രസക്തിയില്ലെന്ന വാദത്തില്‍ കഴമ്പില്ല. ഒന്നിലേറെ മെഡിക്കല്‍ കോളേജ് എത്രയോ ജില്ലകളിലുണ്ട്. കാസര്‍കോട്ടാവട്ടെ മെഡിക്കല്‍ കോളേജ് ഔദാര്യമല്ല. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ അധ്യക്ഷനായ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത മേഖലയായ കാസര്‍കോട്ട് കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ഉന്നത ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചതാണ്. കേന്ദ്ര സര്‍വകലാശാലയുടെ ആസ്ഥാനം നില്ക്കുന്ന പെരിയയും ചുറ്റുപാടുമാണ് എന്‍ഡോസള്‍ഫാന്‍ കൊടുംദുരിതം വിതച്ചത്. നൂറുകണക്കിനാളുകളെ മരണത്തിലേക്കും നിത്യരോഗത്തിലേക്കും തള്ളിയിട്ടത്. അതിനാല്‍ കാസര്‍കോട് ജില്ലയില്‍ പെരിയയില്‍ത്തന്നെയാണ് ഏറ്റവും അത്യാധുനിക സൗകര്യങ്ങളുള്ള കേന്ദ്ര മെഡിക്കല്‍ കോളേജാസ്​പത്രി വരേണ്ടത്. ജില്ലാ ആസ്​പത്രിയുടെ എക്സ്റ്റന്‍ഷന്‍ മാത്രമായ സംസ്ഥാന മെഡിക്കല്‍ കോളേജ് എന്നോ വരുമെന്ന് പറഞ്ഞ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമേഖലയുടെ അവകാശം നിഷേധിക്കാവതല്ല. ഏതായാലും കേന്ദ്ര സര്‍വകലാശാല ഇക്കാര്യത്തില്‍ പ്രതിജ്ഞാബദ്ധമാണെന്ന് വൈസ്ചാന്‍സലര്‍ വ്യക്തമാക്കിയിരിക്കുന്നു. ഇനി ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരാണ് സമ്മര്‍ദം ചെലുത്തേണ്ടത്. കേന്ദ്ര സര്‍വകലാശാലയ്ക്കായി മൊത്തം 360 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാരാണ് വിട്ടുനല്‍കിയത്. കേന്ദ്ര സര്‍വകലാശാലയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനും ചില അധികാരങ്ങളുണ്ട്; ആവശ്യങ്ങളുന്നയിക്കാനും സമ്മര്‍ദം ചെലുത്താനും ബാധ്യതയും അധികാരവുമുണ്ട്. പെരിയയില്‍ കേന്ദ്ര സര്‍വകലാശാല നിര്‍മാണം സ്ഥലതര്‍ക്കത്തെ തുടര്‍ന്നും അനാവശ്യ വിവാദങ്ങളെ തുടര്‍ന്നും ഏറെ വൈകിയതാണ്. 2009-ല്‍ സര്‍വകലാശാല തുടങ്ങിയെങ്കിലും സ്ഥലം നല്‍കാന്‍ മൂന്ന് വര്‍ഷം കഴിഞ്ഞു. എന്നാല്‍ അവിടെ രണ്ട് വര്‍ഷം കൊണ്ടുതന്നെ കെട്ടിടങ്ങള്‍ നിര്‍മിച്ച് അഞ്ച് പഠനവകുപ്പുകളും ഭരണവിഭാഗവും പ്രവര്‍ത്തനം തുടങ്ങി. അധ്യാപക-അനധ്യാപക നിയമനത്തിലടക്കം അഴിമതിയും ക്രമക്കേടുകളും നടന്നുവെന്ന് പരക്കെയുള്ള ആരോപണവും പരാതികളുമൊക്കെയുണ്ടായിരുന്നെന്നാലും സുരക്ഷാ ജീവനക്കാരെ നിയോഗിക്കുന്നതിനുള്ള കരാര്‍ നല്‍കിയതിലും വേതനം നല്‍കിയതിലും ക്രമക്കേടുണ്ടായതിനാല്‍ സി.ബി.ഐ. അന്വേഷണം നടക്കുകയാണെങ്കിലും സര്‍വകലാശാലയിലെ പഠനപ്രവര്‍ത്തനം വേഗത്തില്‍ത്തന്നെ നല്ല നിലയില്‍ ആരംഭിക്കാന്‍ കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. കോഴ്‌സുകള്‍ ആരംഭിക്കുന്നതിലും നടത്തുന്നതിലും നല്ല വിജയമാണുണ്ടായത്. ഇപ്പോള്‍ സര്‍വകലാശാല ഒരു ചുവടുകൂടി മുന്നോട്ടുവെച്ചിരിക്കുന്നു. ഒറ്റയടിക്ക് 200 കോടി രൂപ ചെലവില്‍ എട്ട് മഹാസൗധങ്ങളാണ് പഠനവകുപ്പുകള്‍ക്കായി ഉയരാന്‍ പോകുന്നത്. അത് കാലവിളംബമില്ലാതെ പൂര്‍ത്തിയാക്കുക, പോരാ, അമ്പത് പഠനവകുപ്പുകളും അത്യാധുനിക കോഴ്‌സുകളുമുള്ള ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി നാലോ അഞ്ചോ വര്‍ഷം കൊണ്ട് പെരിയയെ മാറ്റുക. പെരിയ എന്നാല്‍ വഴി എന്നാണ് അര്‍ഥം. ഇത് ഉത്തര കേരളത്തിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ വളര്‍ച്ചയുടെ വഴിയാക്കി മാറ്റുക- അതാണാവശ്യം. അതിലേക്കുള്ള ചുവടുവെപ്പാണ് വെള്ളിയാഴ്ച നടന്ന തറക്കല്ലിടല്‍. പരിപാടിയുടെ നടത്തിപ്പില്‍ ചില അസ്വാരസ്യങ്ങളുണ്ടായെന്നത് നേരാണ്. ക്ഷണിച്ചതിലും ക്ഷണിക്കാത്തതിലുമുള്ള അനൗചിത്യങ്ങളും പ്രോട്ടോകോളുമൊക്കെയാണ് അസ്വാരസ്യത്തിനിടയാക്കിയത്. ആ പിഴവുകളും പിശകുകളും അസ്വാരസ്യവും ഇനിയാവര്‍ത്തിക്കാതിരിക്കാന്‍ നോക്കുകയും എല്ലാവരുടെയും സഹകരണത്തോടെ സര്‍വകലാശാലയുടെ മുന്നേറ്റം സാധ്യമാക്കുകയുമാണ് വേണ്ടത്. ഉയര്‍ച്ചയുടെയും വളര്‍ച്ചയുടെയും നന്മയുടെയും പെരിയയായി പെരിയ കാമ്പസ്സിനെ മാറ്റുകയാണാവശ്യം.

More Citizen News - Kasargod