മാതൃകാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍കെട്ടിടം അനിശ്ചിതത്വത്തില്‍

Posted on: 05 Sep 2015തൃക്കരിപ്പൂര്‍: മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി തൃക്കരിപ്പൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അനുവദിച്ച മാതൃകാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം അനിശ്ചിതത്വത്തിലായി.
അനുവദിക്കപ്പെട്ട തുക നഷ്ടപ്പെടാന്‍ സാധ്യത. സ്‌കൂളിന് പടിഞ്ഞാറുഭാഗത്തെ റോഡിനോട് ചേര്‍ന്നുള്ള കളിസ്ഥലത്ത് കെട്ടിടംപണിയാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് കായികപ്രേമികളുടെ എതിര്‍പ്പ് രൂക്ഷമായതോടെ കെട്ടിടനിര്‍മാണം കിഴക്കുവശത്തേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. എസ്റ്റിമേറ്റ് പുതുക്കിനല്കിയെങ്കിലും സാങ്കേതികപ്രശ്‌നം കാരണം നിര്‍മാണം മുടങ്ങിക്കിടക്കുകയാണ്. കിഴക്കുഭാഗം വയലായതിനാല്‍ നേരത്തെയുള്ള എസ്റ്റിമേറ്റ് തുക പുതുക്കിനിശ്ചയിക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെ പദ്ധതി മുടങ്ങി.
സംസ്ഥാനത്ത് ഇത്തരത്തില്‍ ഏഴ് സ്‌കൂളുകള്‍ക്കാണ് മലബാര്‍ പാക്കേജില്‍ ഫണ്ട് അനുവദിച്ചത്. ഇതില്‍ ആറ് സ്‌കൂളുകളില്‍ നിര്‍മാണം പൂര്‍ത്തിയായെങ്കിലും തൃക്കരിപ്പൂര്‍ സ്‌കൂളില്‍ അനുവദിച്ച കെട്ടിടം സാങ്കേതിക കുരുക്കിലാണ്. മൂന്ന് നിലകളുള്ള നിര്‍ദിഷ്ട കെട്ടിടം ഏഴ് വലിയ ഹാളുകള്‍, നടുമുറ്റം എന്നിവ ഉള്‍പ്പെടെയാണ് നിര്‍മിക്കുക. 46.20 മീറ്റര്‍ നീളത്തിലും 23.33 മീറ്റര്‍ വീതിയിലുമാണ്. ഒരുകോടി 40 ലക്ഷം രൂപ ചെലവിലുള്ള കെട്ടിടം പ്രാഥമികഘട്ടത്തില്‍ ഗ്രൗണ്ട് ഫ്‌ളോര്‍ മാത്രം നിര്‍മിക്കാനായിരുന്നു ധാരണ.

More Citizen News - Kasargod