എല്‍.ബി.എസ്. കോളേജില്‍ അക്രമം; സി.പി.എം. പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

Posted on: 05 Sep 2015മുള്ളേരിയ: പൊവ്വല്‍ എല്‍.ബി.എസ്. എന്‍ജിനീയറിങ് കോളജില്‍ കെ.എസ്.യു.വിന്റെ മാനിഷാദ പരിപാടിക്കിടെ അക്രമം. പരിക്കേറ്റ നാല് കെ.എസ്.യു. പ്രവര്‍ത്തകരെ കാസര്‍കോട് ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് പിടികൂടിയ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ വിട്ടുകിട്ടാനായി സി.പി.എം. ആദൂര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. എസ്.എഫ്.ഐ. പ്രവര്‍ത്തകരെ കള്ളക്കേസില്‍ അറസ്റ്റുചെയ്‌തെന്നും എസ്.ഐ. നേതാക്കളോട് ധിക്കാരമായി പെരുമാറിയെന്നും ആരോപിച്ചാണ് നൂറുകണക്കിന് സി.പി.എം. പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്.
സഞ്ജിത്ത്, ഷാഹില്‍, റഫനാസ്, ഫയാസ്, മാലിക്ക് എന്നീ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. തിരുവനന്തപുരത്ത് ഓണാഘോഷപരിപാടിക്കിടെ വിദ്യാര്‍ഥിനി ജീപ്പിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് കെ.എസ്.യു. പ്രവര്‍ത്തകര്‍ സംസ്ഥാനവ്യാപകമായി വെള്ളിയാഴ്ച പഠിപ്പുമുടക്കി മാനിഷാദ പരിപാടി സംഘടിപ്പിച്ചത്. മാരകായുധങ്ങളുമായെത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അക്രമം നടത്തുകയായിരുന്നെന്ന് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാര്‍ പറഞ്ഞു. അക്രമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കെ.എസ്.യു. പഠിപ്പ് മുടക്കും.
എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് വൈശാഖ്, ജില്ലാ ജോയിന്റ് സെക്രട്ടറി സുഭാഷ് പാടി, എല്‍.ബി.എസ്. കോളേജിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകരായ കൃപ കൃഷ്ണന്‍, മനുപ്രസാദ് എന്നിവരെ കാരണമില്ലാതെ പോലീസ് പിടികൂടിയെന്നാണ് എസ്.എഫ്.ഐ. അരോപിക്കുന്നത്. വിദ്യാഭ്യാസബന്ദിന്റെ ഭാഗമായി കെ.എസ്.യു.-എം.എസ്.എഫ്. പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് എസ്.എഫ്.ഐ. നേതാക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച മൂന്നുമണിയോടെ ആദൂര്‍ പോലീസ് സ്റ്റേഷന്‍ സി.പി.എം. പ്രവര്‍ത്തകര്‍ ഉപരോധിച്ചതോടെ എസ്.പി. ഡോ. ശ്രീനിവാസ, ഡിവൈ.എസ്.പി. രഞ്ജിത്ത്, സി.ഐ. സതീഷ്‌കുമാര്‍ എന്നിവര്‍ നേതാക്കളുമായി ചര്‍ച്ചനടത്തി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി.കുഞ്ഞിരാമന്‍, മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഇ.പദ്മാവതി, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.മണികണ്ഠന്‍, എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, കാറഡുക്ക ഏരിയ സെക്രട്ടറി സിജി മാത്യു എന്നിവര്‍ ഉപരോധത്തിന് നേതൃത്വം കൊടുത്തു.

More Citizen News - Kasargod