രവിമാഷിന് കലതന്നെ ജീവിതം

Posted on: 05 Sep 2015ബോവിക്കാനം: ബോവിക്കാനം ബി.എ.ആര്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ രവി പിലിക്കോടിന് കലതന്നെയാണ് ജീവിതം. ഉത്സവപ്പറമ്പുകളിലെ കഥാപ്രസംഗവേദികളിലും ചിത്രകലാരംഗത്തും മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന രവി പിലിക്കോട് 1984-ലാണ് ബോവിക്കാനം സ്‌കൂളില്‍ ചിത്രകലാധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്.
ചിത്രകലയിലും ശില്പകലയിലും പ്രവൃത്തിപരിചയമേളകളിലും ഏറെ കുട്ടികളെയും അധ്യാപകരെയും പരിശീലിപ്പിക്കാന്‍ ചുരുങ്ങിയകാലംകൊണ്ട് രവിമാഷിന് കഴിഞ്ഞു. 2001 മുതല്‍ കലാധ്യാപകരുടെ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണായി പ്രവര്‍ത്തിച്ചുവരുന്നു.
കേരള ഫോക്ലോര്‍ അക്കാദമിയും തഞ്ചാവൂര്‍ ഹാന്‍ഡിക്രാഫ്റ്റ് മിഷനും കഴിഞ്ഞവര്‍ഷം ഉദിനൂര്‍ ഹയര്‍ സെക്കന്‍ഡറിയില്‍ നടത്തിയ ക്യാമ്പില്‍ മുഖ്യ പരിശീലകനായിരുന്നു രവി പിലിക്കോട്.
കുമ്പള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നായന്മാര്‍മൂല തന്‍ബിഹുല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചട്ടഞ്ചാല്‍, ബോവിക്കാനം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ആര്‍ട്ട്ഗാലറി സ്ഥാപിക്കുന്നതിനും നേതൃത്വം നല്‍കിയത് രവി പിലിക്കോടായിരുന്നു. 2007-ല്‍ തുഞ്ചന്‍പറമ്പില്‍വെച്ച് നടന്ന ലളിതകലാ അക്കാദമിയുടെ പാരമ്പര്യ ദാരുശില്പക്യാമ്പില്‍ പങ്കെടുത്ത് പ്രശംസ നേടിയിരുന്നു.
ചിത്രകലയിലും ശില്പകലയിലും കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിന് പിലിക്കോട് കോതോളിയില്‍ 'ചുഴലി മാധവന്‍ ഗുരുക്കള്‍ വിശ്വവിദ്യാപീഠം' എന്ന സ്ഥാപനം നടത്തിവരുന്ന രവി പിലിക്കോട് കുട്ടികള്‍ക്ക് നാടകപരിശീലനവും നല്‍കുന്നുണ്ട്.
ശനിയാഴ്ച കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രിയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങും.
എം.വി.യശോദയാണ് ഭാര്യ. മക്കളായ ദീപക്ലാലും ദിന്‍കര്‍ലാലും ചിത്ര-ശില്പകലകളില്‍ മികവ് പുലര്‍ത്തിവരുന്നു.

More Citizen News - Kasargod