അശരണര്‍ക്കായി ഈ കാരുണ്യപ്പെട്ടി നിറയട്ടെ

Posted on: 05 Sep 2015പൊയിനാച്ചി: അവശതയനുഭവിക്കുന്നവര്‍ക്ക് കാരുണ്യസ്​പര്‍ശവുമായി പൊയിനാച്ചി ഭാരത് യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍. പ്രദേശത്ത് ചികിത്സയ്ക്കുവഴികാണാതെ കഷ്ടപ്പെടുന്നവര്‍ക്ക് കൈത്താങ്ങ് നല്കുന്നതാണ് പദ്ധതി.
സ്‌കൂളിലെ ഓരോ ക്ലാസിലും വെച്ചിട്ടുള്ള കാരുണ്യനിധിപ്പെട്ടിയില്‍ കുട്ടികള്‍ പണം നിക്ഷേപിക്കും. ഒാേരാ ടേമിലും ഇവ സമാഹരിച്ച് ക്ലാസ് ലീഡര്‍മാര്‍ സ്‌കൂള്‍ അധികൃതരെ ഏല്പിക്കും. സ്‌കൂള്‍ പ്രഥമാധ്യാപകന്‍, പി.ടി.എ. പ്രസിഡന്റ്, സ്‌കൂള്‍ ലീഡര്‍ എന്നിവരടങ്ങിയ സമിതിയുടെ നേതൃത്വത്തില്‍ തുടങ്ങിയ ബാങ്ക് അക്കൗണ്ടില്‍ തുക അടയ്ക്കും. അര്‍ഹതപ്പെട്ടവര്‍ക്ക് ഈ ഫണ്ടില്‍നിന്നുള്ള സഹായധനം പിന്നീട് കൈമാറും. സ്‌കൂളിലെ 500-ല്‍ പരം കുട്ടികളും കാരുണ്യനിധി സ്വരൂപിക്കാന്‍ പങ്കാളികളാവും. വിദ്യാര്‍ഥികള്‍ പണം പാഴാക്കിക്കളയാതെ നന്മയ്ക്കുവേണ്ടി വിനിയോഗിക്കുകയാണ് പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം.
സ്‌കൂള്‍ ലീഡര്‍ പി.വി.അനുവര്‍ഷ് കാരുണ്യനിധിയിലേക്ക് ആദ്യസഹായം നല്കി. പ്രഥമാധ്യാപകന്‍ എന്‍.ബാലചന്ദ്രന്‍, പി.ടി.എ. പ്രസിഡന്റ് ഗിരീഷ് വിളക്കുമാടം, എ.ഗംഗാധരന്‍ നായര്‍, പി.കരുണാകരന്‍, ബാലകൃഷ്ണന്‍ കയലാംകൊള്ളി, ചന്ദ്രന്‍ തത്വമസി, മധു പുലരി, സതീശന്‍ അണിഞ്ഞ, ഇ.ശ്രീലത, ടി.ഷീബ, എം.ജയലക്ഷ്മി, ഇ.രതി, ടി.രാധിക, വി.പി.സതി, ഇ.ബിന്ദു, പി.പ്രസന്ന എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod