ആസിഫ് വധം: അന്വേഷണം സിറ്റി ക്രൈംബ്രാ!ഞ്ചിന്‌

Posted on: 05 Sep 2015മഞ്ചേശ്വരം: പൈവളിഗെ ബായിക്കട്ട കോളനിയിലെ ആസിഫിനെ (27) കന്യാന ടൗണില്‍ വെട്ടിക്കൊലപ്പെടുത്തുകയും സുഹൃത്ത് പൈവളിഗെയിലെ റിയാസിനെ (29) വെട്ടിപരിക്കേല്പിക്കുകയുംചെയ്ത സംഭവത്തെക്കുറിച്ചുള്ള അന്വേഷണം കര്‍ണാടക സിറ്റി ക്രൈംബ്രാഞ്ചിന് വിട്ടു. കര്‍ണാടക ആഭ്യന്തരമന്ത്രി നേരിട്ട് ഇടപെട്ട് കേസന്വേഷണം ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെട്ടു.
ഇതിനിടെ, ലോക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്ത പൈവളിഗെയിലെ പ്രഭാകര നൗണ്ടയെ കേസുമായി ബന്ധുമില്ലെന്ന കാരണത്താല്‍ വിട്ടയച്ചു. ഇയാളടക്കം ആറുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. അട്ടനാളിയിലെ റഫീഖ് ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യംചെയ്തുവരുന്നു. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ ഗുണ്ടാ ആക്രമണങ്ങളും മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തനങ്ങളും കൂടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കാന്‍ കര്‍ണാടക ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിരുന്നു.
ഉപ്പള, ബായാര്‍, പൈവളിഗെ ഭാഗങ്ങളിലെ ക്രിമിനല്‍സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. കേരളത്തില്‍ കാപ്പ ശക്തമാക്കിയതോടെ ക്രിമിനല്‍കേസുകളില്‍ പെടുന്നവര്‍ തങ്ങളുടെ താവളം അതിര്‍ത്തി പ്രദേശങ്ങളിലേക്ക് മാറ്റി. വ്യാപാരികളെ ഭീഷണിപ്പെടുത്തിയും വാഹനങ്ങള്‍ തടഞ്ഞും പണം പിരിക്കുന്നതായിരുന്നു ഇവരുടെ രീതി. ആസിഫിനെ വധിച്ചതിനുശേഷം പ്രതികള്‍ സഞ്ചരിച്ച കാര്‍ പോലീസ് കസറ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞമാസം 30-നാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആസിഫിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് റിയാസ് പുത്തൂര്‍ ആസ്​പത്രിയില്‍ ചികിത്സയിലാണ്.

More Citizen News - Kasargod