അയ്യങ്കാളി ചെയര്‍ തുടങ്ങാനാകാതെ കേന്ദ്ര സര്‍വകലാശാല; ഹോസ്റ്റലുകള്‍ ഫിബ്രവരിയോടെ

Posted on: 05 Sep 2015കാസര്‍കോട്: യു.ജി.സി.യുടെ സാമൂഹികപരിഷ്‌കര്‍ത്താക്കളുടെ പട്ടികയില്‍ അയ്യങ്കാളിയുടെ പേരില്ലാത്തതിനാല്‍ കേന്ദ്രസര്‍വകലാശാലയുടെ അയ്യങ്കാളി ചെയര്‍ അനിശ്ചിതത്വത്തില്‍. സര്‍വകലാശാല അക്കാദമിക് കെട്ടിടങ്ങളുടെ ശിലാസ്ഥാപനച്ചടങ്ങില്‍ വൈസ് ചാന്‍സ്ലര്‍ ഡോ. ജി.ഗോപകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അയ്യങ്കാളിയുടെ പേരില്‍ പഠനവിഭാഗം തുടങ്ങാന്‍ കേന്ദ്രസര്‍വകലാശാല തീരുമാനിച്ചിരുന്നു. യു.ജി.സി. പട്ടികയില്‍ അയ്യങ്കാളിയുടെ പേര് സാമൂഹികപരിഷ്‌കര്‍ത്താക്കളുടെ പട്ടികയില്‍ ഇല്ലാത്തതിനാല്‍ ഈ ആവശ്യം നിരാകരിക്കപ്പെടുകയാണുണ്ടായത്. ചടങ്ങില്‍ സന്നിഹിതരായിരുന്ന കേന്ദ്രമന്ത്രി, എം.പി. എന്നിവിരുടെ ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പെരിയ കാമ്പസില്‍ 670 വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളുന്ന രണ്ട് ഹോസ്റ്റലുകളുടെ നിര്‍മാണം ഫിബ്രവരിയോടെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ ഒരു വനിതാഹോസ്റ്റല്‍ മാത്രമാണ് കാമ്പസിലുള്ളത്.

കേരളത്തിനുപുറത്തുള്ള പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഗ്രാന്റ് ലഭിക്കാത്ത അവസ്ഥയുണ്ട്. ഇതിന് പരിഹാരംകാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 25 കെട്ടിടങ്ങളെങ്കിലും ആവശ്യമാണെന്നും ഇതിന് പ്ലാന്‍ ഫണ്ട് മാത്രം തികയില്ലെന്നും അദ്ദേഹം പറഞ്ഞു.

More Citizen News - Kasargod