പാണത്തൂരില്‍ വേണം പോലീസ് സ്റ്റേഷന്‍

Posted on: 05 Sep 2015രാജപുരം: മലയോരത്തെത്തുന്ന ആഭ്യന്തരമന്ത്രിയോട് ജനങ്ങള്‍ക്ക് സങ്കടം പറയാനുണ്ട് പാണത്തൂരില്‍ പോലീസ് സ്റ്റേഷന്‍ അനുവദിക്കണം. കേരള കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമമായ പാണത്തൂരിലും സമീപ പ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ അക്രമങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും കാരണം പൊറുതിമുട്ടി കഴിയുകയാണ്. കൊലപാതകങ്ങള്‍, മദ്യക്കടത്ത്, കഞ്ചാവ് വില്‍പന, ക്വട്ടേഷന്‍ അക്രമങ്ങള്‍, അന്യസംസ്ഥാന കോഴിക്കടത്ത്, മണല്‍ക്കടത്ത്, ബ്ലേയ്ഡ് ഇടപാടുകള്‍, ചൂതാട്ടം തുടങ്ങി എല്ലാ കുറ്റകൃത്യങ്ങളും പാണത്തൂരും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. അതിര്‍ത്തി പ്രദേശമായതിനാല്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നും കുറ്റകൃത്യം നടത്തിവരുന്ന പ്രതികള്‍ക്ക് ഒളിച്ചുതാമസിക്കാനും ഇവിടെ സൗകര്യങ്ങളുണ്ട്. രണ്ടാം ബണ്ടിച്ചോര്‍ എന്നറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളി സുരേഷിനെ പിടികൂടിയത് പാണത്തൂരില്‍ നിന്നാണ്. ഇവിടെ സമാധാനം ഇല്ലാതാക്കുന്നത് കര്‍ണാടക മദ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. കേരളത്തിലെ മദ്യശാലകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ മലയോരത്തെ മദ്യപാനികള്‍ക്ക് ആശ്രയമായത് അതിര്‍ത്തി പ്രദേശമായ ചെമ്പേരിയിലെ ബാറുകളാണ്. ഈ ഭാഗങ്ങളില്‍ വ്യാജവാറ്റും വ്യാപകമായി നടക്കുന്നുണ്ട്. മാസങ്ങള്‍ക്കു മുന്‍പാണ് പാണത്തൂര്‍ മൈലാട്ടി പട്ടിക വര്‍ഗ കോളനിയില്‍ മദ്യ ലഹരിയിലായ അച്ഛന്‍ മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയത്. കൂടാതെ മൂന്ന് വര്‍ഷത്തിനിടയില്‍ മലയോരത്ത് പന്ത്രണ്ടോളം കൊലപാതകങ്ങള്‍ക്ക് കാരണമായത് മദ്യമാണ്. മദ്യലഹരിയില്‍ ചാമുണ്ഡിക്കുന്നിലെ അരുണ്‍മോഹന്റെ കൊലപാതകത്തിന്റെ തുടര്‍ച്ചയായി പാണത്തൂരില്‍ അബ്ദുള്‍ ഷെരീഫ് എന്ന യുവാവ് കൊല്ലപ്പെട്ടതോടെ ഇവിടെ പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചു. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചിട്ടുമില്ല. നിലവില്‍ സര്‍ക്കിള്‍ പരിധിയിലെ ഒരു ഓഫീസറും രാജപുരം സ്റ്റേഷനിലെ ഒരു പോലീസുകാരനുമാത്രമാണ് ഇവിടെ ഉള്ളത്. കൂടുതല്‍ പോലീസുകാരെ ഡ്യൂട്ടിക്ക് അയച്ചാല്‍ സ്റ്റേഷന്‍ ആവശ്യങ്ങള്‍ക്ക് ഉദ്യാഗസ്ഥരെ തികയുന്നുമില്ല. നിലവില്‍ ഔട്ട് പോസ്റ്റില്‍ ഉപയോഗത്തിനായി ഒരു ജീപ്പ് നല്‍കിട്ടുണ്ടെങ്കിലും പഴകിയതായതിനാല്‍ ടൗണിലും പരിസരങ്ങളിലും നിയപാലനത്തിന് പോകാന്‍ മാത്രമേ ഇത് ഉപയോഗിച്ച് കഴിയുന്നുള്ളു. പാണത്തൂരില്‍ ഔട്ട് പോസ്റ്റ് സ്ഥാപിച്ചതോടെ കുറ്റകൃത്യങ്ങള്‍ ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ടെന്ന് രാജപുരം എസ്.ഐ രാജീവന്‍ വലിയവളപ്പില്‍ പറയുന്നു. എന്നാല്‍ ഇവിടെ ക്രമസാമാധാന പ്രശ്‌നമുണ്ടായാല്‍ 22കിലോമീറ്ററോളം സഞ്ചരിച്ച് രാജപുരം പോലീസെത്തണം. ജില്ലയിലെ ഏറ്റവും കൂടുതല്‍ വിസ്തൃതിയുള്ള പോലീസ് സ്റ്റേഷനുകളിലൊന്നാണ് രാജപുരം. ഒടയംചാല്‍ വാവടുക്കം മുതല്‍ പാണത്തൂര്‍ കല്ലപ്പള്ളിവരെയുള്ള 47 കിലോമീറ്റര്‍ ഭാഗമാണ് രാജപുരം സ്റ്റേഷന്റെ പരിധിയില്‍ വരുന്നത്. പരിധിയില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ നടക്കുന്നത് കര്‍ണ്ണാടകയോട് ചേര്‍ന്നുകിടക്കുന്ന പാണത്തൂര്‍ മേഖലയിലാണ്. മാവോവാദി ഭീഷണി നിലനില്‍ക്കുന്ന പ്രദേശം കൂടിയാണിത്. മാവില, മലവേട്ടുവ, മലക്കുടിയ എന്നീ ആദിവാസി വിഭാഗങ്ങളുടെ 120ഓളം കോളനികളും ഇവിടെ ഉണ്ട്. നിലവില്‍ ട്രൈബല്‍ ജനമൈത്രി പോലീസ് സ്റ്റേഷനാണ് രാജപുരമെങ്കിലും കൂടുതല്‍ പോലീസുകാരെ ഇവിടെ അനുവദിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ നിയമപാലനം നടത്താനായി രാജപുരം പോലീസിന് എല്ലാ പ്രദേശങ്ങളിലും എത്തിപെടാനാകുന്നുമില്ല. പാണത്തൂരില്‍ പോലീസ് സ്റ്റേഷന്‍ അനുവദിക്കണമെന്നാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സ്റ്റേഷന്‍ അനുവദിക്കുകയാണെങ്കില്‍ നെല്ലിക്കുന്നില്‍ കെട്ടിടം നിര്‍മ്മിക്കാനാവശ്യമായ റവന്യൂ ഭൂമിയുമുണ്ട്. ഇതിനായി 2012ല്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ജില്ലാ പോലീസ് മേധാവിക്കും നാട്ടുകാര്‍ നിവേദനവും നല്‍കിയിരുന്നു. പുതിയ പോലീസ് സ്റ്റേഷന്‍ അനുവദിക്കുകയോ ഇവിടെ പ്രവര്‍ത്തിക്കുന്ന ഔട്ട് പോസ്റ്റില്‍ കൂടുതല്‍ പോലീസുകാരെ നിയമിക്കുകയോ ചെയ്താല്‍ ഈ പ്രദേശത്തെ അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന് ആവശ്യമായ നടപടി ശനിയാഴ്ച മലയോരത്തെത്തുന്ന ആഭ്യന്തരമന്ത്രി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

More Citizen News - Kasargod