ഖസാക്കിന്റെ ഇതിഹാസം അരങ്ങിലേക്ക്‌

Posted on: 04 Sep 2015തൃക്കരിപ്പൂര്‍: സാഹിത്യകാരന്‍ ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' നാടകമായി അരങ്ങിലെത്തുന്നു. തൃക്കരിപ്പൂര്‍ കെ.എം.കെ. സ്മാരക കലാസമിതിയാണ് നാടകമൊരുക്കുന്നത്. അന്താരാഷ്ട്ര തിയേറ്റര്‍രംഗത്ത് ശ്രദ്ധേയനായ ദീപന്‍ ശിവരാമനാണ് സംവിധായകന്‍.
ഖസാക്കിലെ ജീവജാലങ്ങളുടെ പുരാവൃത്തവും രൂപമാറ്റങ്ങളും ഉള്‍പ്പെടുത്തി ഓപ്പണ്‍ തിയേറ്റര്‍ സാധ്യതയിലാണ് നാടകം അവതരിപ്പിക്കുക. എടാട്ടുമ്മലിലെ ആലും വളപ്പും വയലും കുളവും രംഗപടമാവുകയാണ്. നോവലിന്റെ പശ്ചാത്തലമായ പാലക്കാട് തസ്‌റാക്കിലേക്ക് നാടകപ്രവര്‍ത്തകര്‍ പോവുകയും അവിടത്തെ ഗ്രാമജീവിതം ഉള്‍ക്കൊള്ളുകയുംചെയ്തശേഷമാണ് നാടക പരിശീലനം തുടങ്ങിയത്. 1960-ന് മുമ്പുള്ള ഗ്രാമത്തെ തനതുശൈലിയില്‍ പകര്‍ത്തിക്കൊണ്ടാണ് നാടകം പ്രേക്ഷകരിലേക്ക് എത്താന്‍ പോകുന്നത്. നോവലിലെ രവി, അള്ളാപ്പിച്ച മൊല്ലാക്ക, നൈസാമലി, കുപ്പുവച്ചന്‍, കുട്ടാടന്‍ പൂശാരി, അപ്പുക്കിളി, മൈമൂന, ശിവരാമന്‍ നായര്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ ഈ ഇതിഹാസം മനുഷ്യസ്‌നേഹത്തിന്റെ നേര്‍ത്ത പ്രവാചാകഗീതം അലിയുന്ന ആകാശമാണെന്ന് മനസ്സിലാക്കിത്തരുകയാണ്.
വൈക്കം മുഹമ്മദ്ബഷീറിന്റെ പൂവന്പഴമടക്കം നിരവധി നാടകങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം അവതരിപ്പിച്ച് പ്രശസ്തമായ തൃക്കരിപ്പൂര്‍ കെ.എം.കെ. കലാസമിതിയാണ് പുതിയരീതിയില്‍ നാടകം രംഗത്തെത്തിക്കുന്നത്. ഡല്‍ഹി അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയിലെ പെ!ര്‍ഫോമിങ് ആര്‍ട്ട്‌സിലെ അസോസിയേറ്റ് പ്രൊഫസര്‍ ദീപന്‍ ശിവരാമനാണ് നാടകത്തിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കി സംവിധാനം നിര്‍വഹിക്കുന്നത്. സിനിമ-നാടക രംഗത്തെ പ്രശസ്തരായ വായാറ്റുമ്മല്‍ ചന്ദ്രന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നു. തൃശ്ശൂരിലെ ജോസ് കോശിയാണ് ദീപനിയന്ത്രണം. ആന്റോ ജോര്‍ജ്, അലിയാര്‍, സി.ആര്‍.രാജന്‍ എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.
രാജീവന്‍ വെള്ളൂര്‍, സി.കെ.സുധീര്‍, കെ.വി. കൃഷ്ണന്‍ മാസ്റ്റര്‍, വിജയന്‍ അക്കളത്ത്, മനോജ് കയ്യൂര്‍, പി.സി.ഗോപാലകൃഷ്ണന്‍, കുമാര്‍ പരിയാച്ചേരി, രാജേഷ് കാര്യത്ത്, വിജേഷ് മുട്ടത്ത്, ഡോ. താരിമ, ശ്രീജ, അശ്വതി, ബാലാമണി തുടങ്ങിയവരും ഒട്ടേറെ വിദ്യാര്‍ഥികളും നാടകത്തില്‍ വേഷമിടുന്നു.
സപ്തംബര്‍ 13, 14, 15 തീയതികളിലാണ് നാടകം എടാട്ടുമ്മല്‍ ആലുംവളപ്പില്‍ അവതരിപ്പിക്കുന്നത്. ഓരോദിവസവും അഞ്ഞൂറോളം പേരെ തിയേറ്ററിനകത്ത് പ്രവേശിപ്പിക്കും. ഗ്രാമതലത്തില്‍ ഒരുനാടകം തുടര്‍ച്ചയായി മൂന്നുദിവസം ഒരേവേദിയില്‍ അവതരിപ്പിക്കുന്നതും പുതുമയാണ്.

More Citizen News - Kasargod