എ.ടി.എം. മോഷണം; പ്രതി സഞ്ചരിച്ച ബൈക്ക് കണ്ടെത്തി

Posted on: 03 Sep 2015കാസര്‍കോട്: ഹൈടെക് രീതിയില്‍ എ.ടി.എമ്മുകളില്‍നിന്ന് പണം മോഷ്ടിച്ച് കേസില്‍ പിടിക്കപ്പെട്ട പ്രതി എറണാകുളം സ്വദേശി സി.ജി.വിനോദിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പ്രതി മോഷണം നടത്തിയ സ്ഥലങ്ങളില്‍ കൊണ്ടുവന്ന് പോലീസ് തെളിവെടുപ്പ് നടത്തി. ബദിയടുക്കയിലെ കനറാബാങ്കിന്റെ എ.ടി.എം. കവര്‍ച്ചയ്ക്കായി മെയ് 14-ന് രാത്രി കാഞ്ഞങ്ങാട്ടെ ഒരു പരിചയക്കാരനില്‍നിന്ന് വാങ്ങിയ ബൈക്കിലാണ് പ്രതി എത്തിയതെന്ന് പോലീസ് കണ്ടെത്തി. ബൈക്കും പോലീസ് കണ്ടെടുത്തു.
കാഞ്ഞങ്ങാട് സ്വദേശിയായ രമേശന്‍ എന്നയാളില്‍നിന്നാണ് ബൈക്ക് വാങ്ങിയത്. രാത്രി എ.ടി.എമ്മിന്റെ ഒരു പാഴ്‌സല്‍കവര്‍ വാങ്ങാനുണ്ടെന്നും അതു കൊണ്ടുവരാന്‍ ബൈക്ക് തരണമെന്ന് ആവശ്യപ്പെട്ടതുപ്രകാരമാണ് രമേശന്‍ വണ്ടി നല്‍കിയത്. എന്നാല്‍, മോഷണം നടത്തിയശേഷം പിറ്റേദിവസം ഒന്നുമറിയാത്ത മട്ടില്‍ ബൈക്ക് തിരിച്ചേല്പിക്കുകയായിരുന്നു.
ബദിയടുക്കയില്‍നിന്ന് കവര്‍ന്ന ഒരുലക്ഷം രൂപയില്‍ 50,000 രൂപ ആലുവയിലെ എ.ടി.എം. സര്‍വീസിങ് സ്ഥാപനത്തിലെ അരുണ്‍ ആന്റോക്ക് നല്‍കിയതായും പോലീസ് കണ്ടെത്തി.
എ.ടി.എം. സ്ഥാപിച്ചുനല്‍കുന്ന കൊച്ചിയിലെ സ്ഥാപനത്തിലെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ ചുമതലയുള്ള സര്‍വീസ് എന്‍ജിനീയര്‍ ആയിരുന്നു പിടിയിലായ വിനോദ്. എ.ടി.എമ്മിന്റെ ഡിജിറ്റല്‍ പാസ്വേര്‍ഡ് മനസ്സിലാക്കിയും മെഷീനിന്റെ താക്കോല്‍ ഉപയോഗിച്ചും കവര്‍ച്ച നടത്തിയിരുന്ന വിനോദ് താന്‍ സര്‍വീസ് നടത്താന്‍പോകുന്ന എ.ടി.എം. കൗണ്ടറുകളിലെ സുരക്ഷാ സംവിധാനത്തിന്റെ അപര്യാപ്തതയും മോഷണത്തിനായി ഉപയോഗിച്ചിരുന്നു. ബദയിടുക്കയിലെ കനറാബാങ്ക് എ.ടി.എമ്മിനുപുറമേ 2014 ജൂണില്‍ കാഞ്ഞങ്ങാട്ടെ എസ്.ബി.ടി.യുടെ എ.ടി.എമ്മില്‍നിന്ന് രണ്ടുലക്ഷം രൂപ കവര്‍ന്നതും 2015 മാര്‍ച്ചില്‍ ഗ്രാമീണ്‍ബാങ്കിന്റെ ഉദിനൂരിലെ എ.ടി.എമ്മില്‍നിന്ന് അരലക്ഷം രൂപ കവര്‍ന്നതും വിനോദാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

More Citizen News - Kasargod