കേന്ദ്രസര്‍വകലാശാലയിലെ തറക്കല്ലിടലിന് ജനപ്രതിനിധികളെ ഒഴിവാക്കിയതില്‍ പ്രതിഷേധം

Posted on: 03 Sep 2015കാസര്‍കോട്: കേന്ദ്രസര്‍വകലാശാലയിലെ തറക്കല്ലിടല്‍ ചടങ്ങില്‍ ജനപ്രതിനിധികളെ ഒഴിവാക്കുകയും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ മാത്രം സംസ്ഥാന പ്രസിഡന്റിനെ പങ്കെടുപ്പിക്കുകയും ചെയ്യുന്നതില്‍ കാസര്‍കോട്ടെ എം.എല്‍.എ.മാര്‍ ഒറ്റക്കെട്ടായി രംഗത്ത്. ജില്ലയുടെ വികസനത്തിനും വിദ്യാഭ്യാസപരമായ മുന്നോട്ടുപോക്കിനും സഹായിക്കുന്ന കേന്ദ്രസര്‍വകലാശാലയുടെ പെരിയ കാമ്പസില്‍ എട്ട് അക്കാദമിക ബ്ലോക്കുകളുടെ തറക്കല്ലിടല്‍ ചടങ്ങില്‍നിന്ന് ജനപ്രതിനിധികളെയും പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളെയും ഒഴിവാക്കിയത് അപരാധമാണെന്ന് എം.എല്‍.എ.മാര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവനയില്‍ പറയുന്നു. എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുള്‍റസാഖ്, കെ.കുഞ്ഞിരാമന്‍ !(ഉദുമ), കെ.കുഞ്ഞിരാമന്‍ !(തൃക്കരിപ്പൂര്‍), ഇ.ചന്ദ്രശേഖരന്‍ എന്നിവരാണ് സംയുക്ത പ്രസ്താവനയിറക്കിയത്.
കേന്ദ്രസര്‍വകലാശാലയുടെ പെരിയ തേജസ്വിനി ഹില്‍സ് കാമ്പസില്‍ വെള്ളിയാഴ്ച നടക്കുന്ന തറക്കല്ലിടല്‍ ചടങ്ങില്‍ കേന്ദ്ര നിയമമന്ത്രി ഡി.വി.സദാനന്ദഗൗഡയാണ് ഉദ്ഘാടകന്‍. വൈസ് ചാന്‍സലര്‍ ഡോ. ജി.ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി.കരുണാകരന്‍ എം.പി., ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പ്രദേശത്തെ ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ മാത്രമാണ് ജനപ്രതിനിധികളായുള്ളത്. ജില്ലയിലെ മറ്റ് എം.എല്‍.എ.മാരെ പങ്കെടുപ്പിക്കുന്നില്ല. രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധിയായി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനെ മാത്രമാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന സ്ഥാപനമാണ് പെരിയയിലെ കേന്ദ്രസര്‍വകലാശാല. ഈ സ്ഥാപനത്തിലെ എട്ട് അക്കാദമിക് ബ്ലോക്കുകളുടെ ശിലാസ്ഥാപനം നടക്കുന്നുവെന്ന വിവരം സന്തോഷം നല്‍കുന്നു. എന്നാല്‍, ജില്ലയിലെ ജനപ്രതിനിധികളായ നാലുപേരെ മാറ്റിനിര്‍ത്തി തയ്യാറാക്കിയ ക്ഷണപത്രികയില്‍ കേരള നിയമസഭയില്‍ പ്രാതിനിധ്യം പോലുമില്ലാത്ത ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷന്റെ പേര് ചേര്‍ത്തത് ഭൂഷണമല്ല. ഒരു വിദ്യാഭ്യാസസ്ഥാപനത്തില്‍ ഒരിക്കലും ഉണ്ടായിക്കൂടാത്ത ഹീനമായ സങ്കുചിത താത്പര്യത്തിന്റെ ഭാഗമായാണ് ഇതിനെ കാണുന്നതെന്ന് എം.എല്‍.എ.മാര്‍ വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. വിദ്യാഭ്യാസ വിചക്ഷണനായ വി.സി. ഇത്തരം താത്പര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ശരിയല്ല. കാസര്‍കോട് ജില്ലയിലെ ജനങ്ങളെയും ജനപ്രതിനിധികളെയും അപമാനിക്കുന്ന തരത്തില്‍ വിതരണം ചെയ്ത ക്ഷണക്കത്ത് പിന്‍വലിച്ച് മാതൃകാപരമായ നടപടികള്‍ കൈക്കൊള്ളാന്‍ തയ്യാറാകണമെന്ന് എം.എല്‍.എ.മാര്‍ ആവശ്യപ്പെട്ടു.

More Citizen News - Kasargod