യുവസംരംഭകര്‍ക്ക് തൊഴില്‍ സാധ്യതയൊരുക്കി പി.എം.ഇ.ജി.പി. പദ്ധതി

Posted on: 03 Sep 2015കാസര്‍കോട്: യുവസംരംഭകര്‍ക്ക് വന്‍ തൊഴില്‍സാധ്യതയൊരുക്കി കേന്ദ്രസര്‍ക്കാറിന്റെ പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം (പി.എം.ഇ.ജി.പി.). അഞ്ച് വര്‍ഷത്തിനുള്ളില്‍ 37 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
സംരംഭകര്‍ക്ക് സബ്‌സിഡി ഇനത്തില്‍ വായ്പകള്‍ ലഭ്യമാക്കും. 18 വയസ്സ് തികഞ്ഞ ഏതൊരാള്‍ക്കും പുതിയ സംരംഭം തുടങ്ങാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്, ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍, ജില്ലാ വ്യവസായകേന്ദ്രം എന്നീ ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പട്ടികജാതി-പട്ടികവര്‍ഗം, ഒ.ബി.സി., മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, വികലാംഗര്‍, വനിതകള്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഗ്രാമീണ മേഖലയില്‍ 35 ശതമാനവും നഗരപ്രദേശങ്ങളില്‍ 25 ശതമാനവും സബ്‌സിഡി ലഭിക്കും. എട്ടാം തരത്തിന് മുകളില്‍ യോഗ്യതയുള്ളവര്‍ക്ക് പദ്ധതിയിലൂടെ സംരംഭകരാകാം.
ജില്ലാതല അവലോകന യോഗത്തില്‍ പദ്ധതിയെക്കുറിച്ച് പി.കരുണാകരന്‍ എം.പി. വിശദീകരിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളദേവി, കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ഡി.രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod